‘തമിഴക വെട്രി കഴകം’; നടന്‍ വിജയ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു


ചെന്നൈ: തമിഴ് ചലച്ചിത്ര താരം ദളപതി വിജയ് രാഷ്ട്രീയ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ‘തമിഴക വെട്രി കഴകം’ എന്നാണ് പാര്‍ട്ടിയുടെ പേര്. ആരാധക കൂട്ടായ്മയായ വിജയ് മക്കള്‍ ഇയക്കത്തിന്റെ യോഗത്തില്‍ വച്ചാണ് പാര്‍ട്ടിയുടെ പേര് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള തീരുമാനം വിജയ് അറിയിച്ചത്. ഇതിലെ അംഗങ്ങളാണ് പേര് രജിസ്റ്റര്‍ ചെയ്യാന്‍ മുന്‍കൈ എടുത്തത്.

രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു പാര്‍ട്ടി പ്രഖ്യാപനം.ആദ്യ ഘട്ടത്തില്‍ ഒരു കോടി ആളുകളെ അംഗമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഒരു മൊബൈല്‍ ആപ്പും പാര്‍ട്ടി പുറത്തിറക്കും.

2024ലെ തിരഞ്ഞെടുപ്പില്‍ തമിഴക വെട്രി കഴകം മത്സരിക്കില്ലെന്നും ഒരു പാര്‍ട്ടിക്കും പിന്തുണ നല്‍കില്ലെന്നും, 2026ലെ നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യമിടുന്നതെന്നും വിജയ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിക്കുന്നതിനനുസരിച്ച് പാര്‍ട്ടിയുടെ ലോഗോയും കൊടിയും പുറത്ത് വിടും. വരുന്ന ഏപ്രിലില്‍ പാര്‍ട്ടിയുടെ ആദ്യ സമ്മേളനം നടക്കും.