നാദാപുരത്ത് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മലിനജലം പുറത്തേക്ക് ഒഴുക്കി; മോട്ടോര്‍ പിടിച്ചെടുത്ത് പഞ്ചായത്ത് അധികൃതര്‍


നാദാപുരം: നാദാപുരത്ത് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മലിനജലം പുറത്തൊഴുക്കിയതിനെതിരെ ശക്തമായ നടപടിയുമായി പഞ്ചായത്ത്. ടൗണിലെ പുതിയോട്ടില്‍ ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് മലിനജലം പുറത്തേക്ക് ഒഴുക്കിയത്. പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പഞ്ചായത്ത് അധികൃതര്‍ ക്വാര്‍ട്ടേഴ്‌സിലെത്തി പരിശോധന നടത്തിയത്.

പൊതുജനാരോഗ്യ നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മലിനജലം പുറത്തേക്ക് ഒഴുക്കിയതെന്ന് പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് മലിനജലം ഒഴുക്കാനായി ഉപയോഗിച്ച മോട്ടോര്‍ പഞ്ചായത്ത് അധികൃതര്‍ പിടിച്ചെടുത്തു.

മലിനജലം സംസ്‌കരിക്കുന്നതിലെ അപാകതകള്‍ ഒരാഴ്ചയ്ക്കകം പരിഹരിക്കാന്‍ പഞ്ചായത്ത് നിര്‍ദ്ദേശം നല്‍കി. ഇതിന് കഴിഞ്ഞില്ലെങ്കില്‍ പതിനഞ്ച് ദിവസത്തിനകം മുഴുവന്‍ താമസക്കാരെയും ഒഴിപ്പിക്കാനും ഉടമയ്ക്ക് പഞ്ചായത്ത് നിര്‍ദ്ദേശം നല്‍കി.

തുടര്‍ നടപടികളുടെ ഭാഗമായി ഉടമയായ പുതിയോട്ടില്‍ അയിശു എന്നവരോട് അടുത്ത ദിവസം പഞ്ചായത്ത് ഓഫീസില്‍ രേഖകള്‍ സഹിതം ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു. പരിശോധനയിലും നടപടിയിലും പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ഹമീദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സതീഷ് ബാബു എന്നിവര്‍ പങ്കെടുത്തു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ക്വാര്‍ട്ടേഴ്സ് ഉടമക്ക് 5000 രൂപ പിഴ ചുമത്തിയിരുന്നു.