ചെറിയദൂരത്തേക്കും ചുങ്കം നല്‍കേണ്ടി വരും; ദേശീയപാതകളിലെ ഉപഗ്രഹാധിഷ്ഠിതമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍, ചുങ്കം നിരക്കുകളും വിവിധ ജില്ലകളില്‍ ടോള്‍ പ്ലാസ വരാനിരിക്കുന്ന സ്ഥലങ്ങളുമറിയാം


കോഴിക്കോട്: ദേശീയപാതകളിലെ ചുങ്കപിരിവ് സംബന്ധിച്ച് പുതിയ പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ദേശീയപാതകളിലെ ചുങ്കം പിരിവ് ഉപഗ്രഹാധിഷ്ഠിതമാക്കാനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്. നിലവിൽ ചുങ്കം പിരിക്കുന്ന കേന്ദ്രങ്ങളിലൂടെ കടന്നുപോകുമ്പോൾ മാത്രമാണ് തുക ഈടാക്കുന്നത് എങ്കില്‍ ഉപഗ്രഹാധിഷ്ഠിത ചുങ്കംപിരിവ് നടപ്പിലായാല്‍‌ യാത്രചെയ്യുന്നത് ചെറിയദൂരമായാല്‍ പോലും തുക ഈടാക്കാനാകും. ഇപ്പോള്‍ ദേശീയപാതയിലെ ചുങ്കം നിരക്കുകളിൽ ധാരണയായിട്ടുണ്ട്.

റീച്ച്, പാതയുടെ നീളം, വാഹനം എന്നിവയുടെ അടിസ്ഥാനത്തില്‍ ചുങ്കം നിരക്കുകള്‍  പരിശോധിക്കാം

കാർ, മിനി ബസ് ബസ് എന്ന ക്രമത്തിലുള്ള ചുങ്കം നിരക്കുകകളാണ് താഴെ നല്‍കിയിട്ടുള്ളത്

1. തലപ്പാടി-തളിപ്പറമ്പ്-മുഴപ്പിലങ്ങാട് – (146.31 കി.മീ.) – 181.28 (കാർ), 292.75 (മിനി ബസ്), 613.61 (ബസ്)

2. മുഴപ്പിലങ്ങാട്-രാമനാട്ടുകര-വളാഞ്ചേരി (129.18 കി.മീ.) – 174.97 (കാർ), 282.66 (മിനി ബസ്), 592.24 (ബസ്)

3. വളാഞ്ചേരി-കൊടുങ്ങല്ലൂർ-ഇടപ്പള്ളി (129.39 കി.മീ.) – 168.20 (കാർ), 266.54 (മിനി ബസ്), 565.43 (ബസ്)

4. ഇടപ്പള്ളി-തുറവൂർ-കൊല്ലം (136.4 കി.മീ.) – 243.61 (കാർ), 388.59 (മിനി ബസ്), 820.85 (ബസ്)

5. കൊല്ലം-കഴക്കൂട്ടം-കാരോട് (103.78 കി.മീ.) – 148.95 (കാർ), 236.57 (മിനി ബസ്), 501.11 (ബസ്)

ആകെ (645 കി.മീ.) – 917.01 (കാർ), 1467.11 (മിനി ബസ്), 3093.24 (ബസ്)

നിരക്കുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇങ്ങനെയാണെങ്കിലും ദേശീയപാത അതോറിറ്റി നിശ്ചയിക്കുന്ന അന്തിമനിരക്കുകളിൽ ചിലപ്പോള്‍ വ്യത്യാസമുണ്ടായോക്കാം.

ജില്ലകളില്‍ ടോള്‍ പ്ലാസകള്‍ എവിടെയെല്ലാം

കോഴിക്കോട് മാമ്പുഴ പാലത്തിന് സമീപമായാണ് ടോൾ പ്ലാസ സ്ഥാപിക്കുക.

കാസർകോട്: പുല്ലൂർ പെരിയ, കണ്ണൂർ: കല്യാശ്ശേരി (തലശ്ശേരി മാഹി ബൈപാസിൽ കൊളശ്ശേരിയിൽ താത്കാലിക ടോൾ പ്ലാസ നിർമിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയില്‍ പാതയുടെ പണി പൂർത്തിയായാൽ ടോൾ പ്ലാസ കല്യാശ്ശേരിയിലേക്ക് മാറ്റാനാണ് തീരുമാനം),  മലപ്പുറം: വെട്ടിച്ചിറ, തൃശ്ശൂർ: നാട്ടിക, എറണാകുളം: കുമ്പളം ആലപ്പുഴ: കൊമ്മാടി, കൊല്ലം: ഓച്ചിറ, തിരുവനന്തപുരം: തിരുവല്ലം എന്നിവിടങ്ങളിലായാണ് ടോൾ പ്ലാസകൾ സ്ഥാപിക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്.

ദേശീയപാത ദീര്‍ഘദൂരയാത്രകള്‍ സുഗമമാക്കുമെങ്കിലും ഉപഗ്രഹാധിഷ്ഠിത ചുങ്കപ്പിരിവ് കുറഞ്ഞ ദൂരത്തേക്ക് പോലും തുക ഈടാക്കാന്‍ തുടങ്ങിയാല്‍ സാധാരണക്കാരുടെ സ്ഥിതി പരിതാപകരമാവും. മാത്രമല്ല ചരക്കുലോറികളില്‍ നിന്നൊക്കെ കൂടിയ ചുങ്കം പിരിച്ചാല്‍ അനുബന്ധമായി ഉത്പന്നങ്ങളുടെ വിവവര്‍ധനവിനും സാധ്യതയുണ്ട്.