‘ഓര്‍മ്മയിലെ റോസാപ്പൂക്കള്‍’; യു.രാജീവന്‍ മാസ്റ്ററെ അനുസ്മരിച്ച് വിദ്യാര്‍ത്ഥിയായിരുന്ന മുചുകുന്ന് സ്വദേശി രൂപേഷ് എഴുതുന്നു


രൂപേഷ് .ആർ

യു.രാജീവൻ മാസ്റ്റർ ഓർമ്മയായി.

ജീവിതത്തിൽ വലിയ അനുഭവങ്ങൾ തന്ന ആ പ്രാഥമിക വിദ്യാലയം ഒരിക്കൽ കൂടി ഓർമ്മയിലേക്ക് കയറി വരുന്നു . ആ വിദ്യാലയത്തിലേക്കുള്ള വഴികൾ എന്തുമാത്രം വൈവിധ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരുന്നു.

കാക്ക പൂവും ,മഞ്ഞപ്പൂവും വിരിഞ്ഞു നിൽക്കുന്ന പാടവരമ്പുകൾ മഴക്കാലത്ത് വെള്ളം നിറഞ്ഞു നിൽക്കുന്നവ. ഒരു പാടത്ത് നിന്ന് മറ്റേ പാടത്തിലേക്ക് വെള്ളം പോവാൻ വേണ്ടി നിർമ്മിക്കുന്ന ചെറിയ നീർവഴികൾ.

ആ നീർവഴികളിലെ വെള്ളം കാലുകൊണ്ട് പൊട്ടിച്ച് ആഹ്ളാദിച്ചു നടന്നത് . നെറ്റിയിൽ പൊട്ടുള്ള മീനിനെ കൈകൾ ചേർത്ത് കോരി എടുക്കുന്നത് .

ഒടുവിൽ കയ്യിൽ കരുതി വെച്ച റോസാ പൂവ് ആ ഖദർ ധാരിയായ അധ്യാപകന് കൈമാറുമ്പോൾ, അദ്ദേഹം അത് ഷർട്ടിൻ്റെ പോക്കറ്റിൽ എല്ലാവർക്കും കാണാൻ പാകത്തിൽ പ്രദർശിപ്പിക്കുമ്പോൾ മനസ്സിൽ ഉറവപ്പൊട്ടുന്ന സന്തോഷം.

ഖദർ ധാരിയായ ആ അധ്യാപകൻ കോൺഗ്രസ്സുകാരനായിരുന്നു.

അറിഞ്ഞോ അറിയാതെയോ അദ്ദേഹത്തിൻ്റെ രാഷ്ട്രീയത്തോടും ഒരു ആഭിമുഖ്യം ഉണ്ടായിരുന്നു. പക്ഷെ പ്ലസ് ടു കഴിഞ്ഞ ഉടനെ നാട്ടിലെ ചേട്ടന്മാർ ഡി.വൈ.എഫ്.ഐയുടെ കമ്മിറ്റിയിൽ പിടിച്ചിട്ടു. പിന്നീട് കമ്മ്യൂണിസ്റ്റ് സാഹിത്യം വായിച്ചുള്ള വിപുലപ്പെടൽ. ബിരുദതലത്തിൽ സ്റ്റുഡൻ്റ് ഫെഡറേഷൻ്റെ ഭാരവാഹികളിൽ ഒരാൾ.

അപ്പോഴേക്കും കോൺഗ്രസ്സുകാരനായ അധ്യാപകൻ കോൺഗ്രസ്സിൻ്റെ ജില്ലയിലെ പ്രധാന നേതാവായി വളർന്നു കഴിഞ്ഞിരുന്നു. അങ്ങനെ അധ്യാപകനും ശിഷ്യനും ഇരു രാഷ്ട്രീയ ധ്രുവങ്ങളിലായി.

പക്ഷെ നാടിന് ഒരു ഭാഗ്യമുണ്ടായി കൊയിലാണ്ടി നഗരസഭയുടെ ചെയർമാനും പ്രതിപക്ഷ നേതാവും അയൽക്കാർ ആയിരിക്കുന്ന കൗതുകം. പിന്നീട് കൊയിലാണ്ടി എം.എൽ.എ ആയ കെ.ദാസേട്ടനായിരുന്നു അന്ന് നഗരസഭാ ചെയർമാൻ. പ്രതിപക്ഷ നേതാവ് യു.രാജീവൻ മാസ്റ്ററും. മാഷ് പിന്നീട് കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി.

പൊതുവെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പ്രബല സ്വാധീനമുള്ള നാട്ടിൽ ഇരു ധ്രുവങ്ങളിലും പ്രഗത്ഭഭരായ നേതാക്കന്മാർ. നാട്ടുകാർക്ക് ഏതു ഭരണം വന്നാലും പാർട്ടി ഭേദമന്യേ സമീപിക്കാവുന്നവർ.

യു.രാജീവൻ മാസ്റ്ററുടെ വിയോഗം ഞങ്ങളുടെ നാടിൻ്റെ നഷ്ടമായി മാറുന്നത് അങ്ങനെയാണ്. എനിക്ക് വ്യക്തിപരമായ ഒരു കുടുംബ സുഹൃത്തിനെ കൂടിയാണ് നഷ്ടപ്പെടുത്തുന്നത്.

ഓർമ്മകൾക്ക് മരണമില്ലല്ലോ….