കള്ളക്കടല്‍ പ്രതിഭാസം; കടലേറ്റത്തിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യത, മത്സ്യബന്ധന ഉപകരണങ്ങള്‍ സുരക്ഷിതസ്ഥലത്തേക്ക് മാറ്റാന്‍ നിര്‍ദേശം; കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്


തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്. നാളെ രാത്രി 11.30 വരെ കേരളാ തീരത്ത് അതീവ ജാഗ്രത തുടരണമെന്നാണ് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
4. ഇന്ന് രാത്രി 10 മണി മുതല്‍ എല്ലാ ബീച്ചുകളില്‍ നിന്നും ആളുകളെ ഒഴിവാക്കണം.
5. കേരള തീരത്തോട് ചേര്‍ന്ന് ഈ മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ വള്ളങ്ങളിലും ചെറിയ യാനങ്ങളിലും മത്സ്യബന്ധനം നടത്താന്‍ പാടുള്ളതല്ല.