‘ലൈസന്‍സ് ഇല്ല, സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചില്ല’; ബേപ്പൂരിലെ പ്രധാന ആകര്‍ഷണമായ ഫ്‌ളോട്ടിങ് ബ്രിഡ്ജ് പ്രവര്‍ത്തനം നിര്‍ത്തി


കോഴിക്കോട്: ബേപ്പൂര്‍ ബീച്ചിലെ പ്രധാന ആകര്‍ഷണമായിരുന്ന ഫ്‌ളോട്ടിങ് ബ്രിഡ്ജ് പ്രവര്‍ത്തനം നിര്‍ത്തി. ടൂറിസം വകുപ്പ് ആരംഭിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം തുറമുഖ വകുപ്പാണ് നിര്‍ത്തി വയ്പ്പിച്ചത്. ലൈസന്‍സ് ഇല്ലാതെയും ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുമാണ് ഫ്‌ളോട്ടിങ് ബ്രിഡ്ജ് പ്രവര്‍ത്തിച്ചതെന്ന് ബേപ്പൂര്‍ പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

ഓരോ ദിവസവും നിരവധി പേരാണ് ഫ്‌ളോട്ടിങ് ബ്രിഡ്ജില്‍ കയറാനായി ബേപ്പൂരിലെ മറീന ബീച്ചില്‍ എത്തിയിരുന്നത്. താനൂര്‍ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അപകട സാധ്യത മുന്നില്‍ കണ്ടാണ് തുറമുഖ വകുപ്പ് ബ്രിഡ്ജ് പ്രവര്‍ത്തനം നിര്‍ത്താന്‍ ഡി.ടി.പി.സിയോട് നിര്‍ദ്ദേശിച്ചത്.

തുറമുഖവകുപ്പിന്റെ അനുമതിയോ ലൈസന്‍സോ ഇല്ലാതെയാണ് ഇത്രകാലവും ഇത് പ്രവര്‍ത്തിച്ചതെന്നാണ് പോര്‍ട്ട് ഓഫീസറുടെ വിശദീകരണം. അതേസമയം കൃത്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയാണ് ബ്രിഡ്ജ് പ്രവര്‍ത്തിച്ചിരുന്നതെന്ന് നടത്തിപ്പുകാര്‍ പറയുന്നു. ഒരു ഭാഗം കരയില്‍ ഉറപ്പിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജിന് ആരില്‍ നിന്നാണ് ലൈസന്‍സ് എടുക്കേണ്ടതെന്നത് സംബന്ധിച്ചും വ്യക്തതയില്ല. എന്തായാലും മണ്‍സൂണ്‍ കഴിയുന്നതുവരെയെങ്കിലും അനുമതി കൊടുക്കേണ്ടെന്നാണ് തുറമുഖവകുപ്പിന്റ തീരുമാനം.

കേരളത്തിലെ ആദ്യത്തെ ഫ്‌ളോട്ടിങ് ബ്രിഡ്ജാണ് ബേപ്പൂരിലേത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ബേപ്പൂരിലെ ഫ്‌ളോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തത്. ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസാണ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തത്.


Related News: ‘കടലോളങ്ങള്‍ക്ക് മുകളില്‍ ചാഞ്ചാടുന്ന നവ്യാനുഭവം’; ബേപ്പൂര്‍ ബീച്ചിലെ ഫ്‌ളോട്ടിങ് ബ്രിഡ്ജ് കാണാനെത്തിയ കൊയിലാണ്ടിക്കാരുടെ വീഡിയോ കാണാം


തീരത്തുനിന്നും 100 മീറ്റര്‍ നീളത്തിലും മൂന്നു മീറ്റര്‍ വീതിയിലും കൈവരിയോട് കൂടിയാണ് ഫ്‌ളോട്ടിങ് ബ്രിഡ്ജിലെ പാത സജ്ജമാക്കിയത്. അറ്റത്ത് 11 മീറ്റര്‍ നീളവും ഏഴ് മീറ്റര്‍ വീതിയുമുള്ള സൈറ്റ് സീയിങ് പ്ലാറ്റ്‌ഫോമുമുണ്ട്. ഇവിടെ കടലിന്റെ വിസ്മയ കാഴ്ചകള്‍ കണ്ട് സെല്‍ഫിയെടുക്കാം.

ബ്രിഡ്ജില്‍ കയറുന്ന എല്ലാവര്‍ക്കും ലൈഫ് ജാക്കറ്റുകള്‍, മുങ്ങല്‍ വിദഗ്ധര്‍, റെസ്‌ക്യൂ ബോട്ട്, ലൈഫ് ബോയ്, അംഗീകൃത ലൈഫ് ഗാര്‍ഡ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ഇന്‍ഷുറന്‍സ് പരിരക്ഷയുമുണ്ട്. തൃശൂര്‍ ചാലക്കുടി സ്വദേശികളായ നാല് യുവ സംരംഭകര്‍ ചേര്‍ന്നുള്ള ‘ക്യാപ്ച്ചര്‍ ഡേയ്സ്’ കമ്പനിയാണ് നടത്തിപ്പുകാര്‍.