‘ഞങ്ങളെപ്പോലുള്ളവര്‍ക്ക് ഉപജീവനമാര്‍ഗ്ഗം നഷ്ടപ്പെട്ടു എന്നല്ലാതെ മറ്റെന്ത് നേട്ടം’; റെയില്‍വേ പാര്‍സല്‍ സംവിധാനം നിര്‍ത്തലാക്കിയതോടെ ഏക ആശ്രയമായിരുന്ന ജോലി നഷ്ടപ്പെട്ട വടകര റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ വിനോദ് വടകര ഡോട് ന്യൂസുമായി സംസാരിക്കുന്നു


വടകര: റെയില്‍വേയ്ക്ക് നഷ്ടമൊന്നുമില്ല. എന്നാല്‍ ചെറിയതാണെങ്കിലും ഒരു വരുമാനം ലഭിച്ചിരുന്നു. ഞങ്ങളെപ്പോലുള്ളവര്‍ക്ക് ഉപജീവനമാര്‍ഗ്ഗം നഷ്ടപ്പെട്ടു എന്നല്ലാതെ മറ്റെന്ത് നേട്ടം. റെയില്‍വെ പാര്‍സല്‍ സംവിധാനം നിര്‍ത്തലാക്കിയതോടെ ജോലി നഷ്ടപ്പെട്ട വടകര റെയില്‍വെ സ്റ്റേഷനിലെ പോര്‍ട്ടറായിരുന്ന വിനോദ് വടകര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

24 വര്‍ഷത്തോളമായി വടകര റെയില്‍വേ സ്‌റ്റേഷനില്‍ പോര്‍റായി ജോലി ചെയ്തു വരികയാണ് വിനോദ്. അച്ഛന്റെ മരണ ശേഷം ജോലിയില്‍ ചേരുകയായിരുന്നു ഇപ്പോള്‍ 52 വയസ്സായി. ഇനി കുടുംബം നോക്കാന്‍ മറ്റെന്തെങ്കിലും ജോലി കണ്ടെത്തേണ്ടതായുണ്ട്.

വിനോദിനെക്കൂടാത ഉമ്മര്‍, പ്രമോദ്, ഷിബിന്‍, ബബീഷ്, രതി എന്നിങ്ങനെ അഞ്ച് പേര്‍ കൂടി പോര്‍ട്ടര്‍മാരായി വടകര സ്‌റ്റേഷനില്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ പ്രമോദ്, ഷിബിന്‍, ബബീഷ് എന്നിവര്‍ പോര്‍ട്ടര്‍മാരുടെ നിയമനം വഴി ജോലിയില്‍ കയറിയതാണ്. മറ്റുള്ള മൂന്ന് പേര്‍ അച്ഛന്റെയും ഭര്‍ത്താവിന്റെയും ജോലി എഴുതി വാങ്ങുകയായിരുന്നു.

റെയില്‍വേ പാര്‍സല്‍ സംവിധാനം നിര്‍ത്തലാക്കിയതോടെ ബുധനാഴ്ച്ചയോടെ എല്ലാവരുടെയും വരുമാനമാര്‍ഗ്ഗം ഇല്ലാതാവുകയായിരുന്നു. പണ്ടത്തെ അപേക്ഷിച്ച് പാര്‍സല്‍ സംവിധാനം കുറഞ്ഞെങ്കിലും ഈ ആറുപേര്‍ക്ക വരുമാനം ലഭിക്കത്തക്കവിധത്തില്‍ ഇവിടെ ജോലി ലഭിക്കാറുണ്ടായിരുന്നെന്നും അവര്‍ പറയുന്നു. അപ്രതീക്ഷതമായി അടയ്ക്കപ്പെട്ട ജീവിതമാര്‍ഗ്ഗം. ഇനി എങ്ങനെ മുന്നോട്ട കൊണ്ടുപോവുമെന്നറിയാത്ത ആശങ്കയിലാണിവര്‍.