അമിത വേഗതയില്‍ വന്ന ലോറി നിര്‍ത്തിയിട്ട രണ്ട് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി; കൊയിലാണ്ടിയിലെ വാഹനാപകടത്തില്‍ പരിക്കേറ്റത് വടകര ചോറോട് സ്വദേശികള്‍ക്ക്, ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍


കൊയിലാണ്ടി: പാലക്കുളത്ത് വാഹനമിടിച്ച് ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വടകര ചോറോട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്‌. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം.

അമിതവേഗത്തില്‍ വന്ന ലോറി റോഡ് സൈഡില്‍ നിര്‍ത്തിയിട്ട വാഹങ്ങളില്‍ ഇടിക്കുകയായിരുന്നു. നിര്‍ത്തിയിട്ട കാര്‍, മിനി ലോറി എന്നിവയില്‍ ഇടിച്ച ലോറിസമീപത്തെ വീടിന്റെ മതിലിന് തട്ടിയാണ് നിന്നത്. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വടകര ഭാഗത്ത് നിന്നും കൊയിലാണ്ടി ഭാഗത്തേയ്ക്ക് വരുന്ന കാര്‍ പഞ്ചറായതിനെ തുടര്‍ന്ന് നന്നാക്കുവാനായി റോഡ് സൈഡില്‍ രാവിലെ 10 മണി മുതല്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. കാര്‍ നന്നാക്കുവാനായി ഡ്രൈവറായ യുവതി ആളെ തിരക്കി ഇറങ്ങിയതായിരുന്നു. ഈ സമയം കാറിന് പുറത്തിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്‌.

സംഭവത്തില്‍ രണ്ട് ലോറി ജീവനക്കാര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കാണ് പരിക്കേറ്റത്. വടകര ചോറോട് സ്വദേശികളായ മുഹമ്മദ് ഇസ (രണ്ടര വയസ്സ്), ഫാത്തിമ ഇസ (6), ഷെഫീറ, സൈഫ്, ജുമൈനിയ, സെഫീര്‍, ഫാത്തിമ, ലോറിയിലെ രണ്ട് ജീവനക്കാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഉടനെ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.