പന്തിരിക്കര സൂപ്പിക്കടയില്‍ കഞ്ചാവ് പിടികൂടിയ കേസ്; ഒരു യുവതികൂടി അറസ്റ്റില്‍


പേരാമ്പ്ര: പന്തിരിക്കര സൂപ്പിക്കടയില്‍ കഞ്ചാവ് പിടികൂടിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. സൂപ്പിക്കടയില്‍ വാടകയ്ക്ക് താമസിക്കുന്ന ഇടിയോട്ടില്‍ സുലൈഖയെ (32) ആണ് പെരുവണ്ണാമൂഴി ഇന്‍സ്‌പെക്ടര്‍ കെ സുഷീര്‍, എസ്.ഐ. ആര്‍.സി ബിജു എന്നിവര്‍ അറസ്റ്റുചെയ്തത്. ഇവരുടെ സുഹൃത്ത് സൂപ്പിക്കട പാറേമ്മല്‍ ലത്തീഫിനെ (47) കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു.

പെരുവണ്ണാമൂഴി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച്ചയാണ് ലത്തീഫിനെ പോലീസ് പിടികൂടുന്നത്. തുടര്‍ന്ന് ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച്ച രാവിലെ സുലൈഖയേയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വൈകുന്നേരത്തോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് ഇരുവരെയും റിമാന്‍ഡുചെയ്തു.

ലത്തീഫില്‍ നിന്നും 2.760 കിലോഗ്രാം കഞ്ചാവ് പരിശോധനയില്‍ കണ്ടെടുത്തിരുന്നു. സൂപ്പിക്കട മദ്രസ സ്റ്റോപ്പിലെ വാടകവീട്ടിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇന്‍സ്പെക്ടര്‍ കെ സുഷീറിന്റെ നേതൃത്വത്തില്‍ ഇവിടെ പോലീസ് ചൊവ്വാഴ്ച ഉച്ചയോടെ പരിശോധനയ്ക്കെത്തി. ഈ വിവരമറിഞ്ഞ ലത്തീഫ് വീട്ടില്‍ കതകടച്ചിരിക്കുകയായിരുന്നു. പോലീസ് പലതവണ ആവശ്യപ്പെട്ടിട്ടും വാതില്‍ തുറന്നില്ല.

ഒടുവില്‍ കൂടുതല്‍ പോലീസെത്തി രാത്രി 7.30ഓടെ എസ്.ഐ ആര്‍.സി ബിജുവിന്റെ നേതൃത്വത്തില്‍ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. കഞ്ചാവ് സൂക്ഷിച്ച വീട്ടിലെ കുട്ടികളെ മര്‍ദിച്ചതായുള്ള പരാതിയില്‍ മറ്റൊരു കേസും ലത്തീഫിന്റെപേരില്‍ പോലീസ് എടുത്തിട്ടുണ്ട്.