തകര്‍പ്പന്‍ സ്മാഷുകള്‍, ജമ്പ് സര്‍വ്വുകള്‍; ഓര്‍ക്കാട്ടേരിയില്‍ അഖില കേരള വോളിബോള്‍ ടൂര്‍ണമെന്റ് മൂന്നാം ദിനം കെ.എസ്.ഇ.ബിയ്ക്കും കേരളാ പോലീസിനും വിജയം


ഓര്‍ക്കാട്ടേരി: അഖില കേരള വോളിബോള്‍ ടൂര്‍ണമെന്റില്‍ ബുധനാഴ്ച നടന്ന മത്സരത്തില്‍ വനിതാ വിഭാഗത്തില്‍ കേരളാ പോലീസും പുരുഷ വിഭാഗത്തില്‍ കെ.എസ്.ഇ.ബിയും വിജയിച്ചു. വനിതാ വിഭാഗം മത്സരത്തില്‍ കേരള പോലീസും സെയ്ന്റ് ജോസഫ് കോളേജ് ഇരിങ്ങാലക്കുടയും തമ്മിലാണ് ഏറ്റുമുട്ടിയത്. മത്സരത്തില്‍ ഒന്നാമത്തെ സെറ്റില്‍ 16 നെതിരേ 25 ഉം രണ്ടാമത്തെ സെറ്റ് 15 നെതിരേ 25 ഉം മൂന്നാമത്തെ സെറ്റില്‍ 20 നെതിരേ 25 ഉം പോയിന്റ് നേടിയാണ് കേരള പോലീസ് ഏകപക്ഷീയമായി വിജയിച്ചത്.

പുരുഷന്മാരുടെ മത്സരത്തില്‍ കെ.എസ്.ഇ.ബി.യും കേരള പോലീസും തമ്മില്‍ ഏറ്റുമുട്ടി. ആദ്യ രണ്ട് സെറ്റിലും കെ.എസ്.ഇ.ബി വിജയിച്ചപ്പോള്‍ മൂന്നാമത്തെ സെന്റില്‍ കേരളാ പോലീസ് വജയിച്ചു. എന്നാല്‍ നാലാമത്തെ സെറ്റ് തുടരുമ്പോഴേക്കും ശക്തമായ മഴപെയ്യുകയായിരുന്നു. പിന്നീട് രണ്ട് സെറ്റുകളില്‍ വിജയിച്ച കെ.എസ്.ഇ.ബി ടീമിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

വ്യാഴാഴ്ചത്തെ മത്സരങ്ങള്‍ വനിതാവിഭാഗത്തില്‍ വൈകുന്നേരം ഏഴിന് ഖേലോ ഇന്ത്യാ സെയ്ന്റ് ജോസഫ് കോളേജിനെ നേരിടും. തുടര്‍ന്ന് പുരുഷവിഭാഗത്തില്‍ തണ്ടര്‍ബോള്‍ട്‌സും കൊച്ചി ബി.പി.സി.എല്ലും ഏറ്റുമുട്ടും.

ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ 75ാംവാര്‍ഷികത്തോടനുബന്ധിച്ച് സിപിഎം ഒഞ്ചിയം ഏരിയ കമ്മിറ്റിയാണ് അഖില കേരള വോളിബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്. മെയ് 8 മുതല്‍ 14 വരെ ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന മത്സരത്തില്‍ ദേശീയ, അന്തര്‍ ദേശീയ തലത്തില്‍ അറിയപ്പെടുന്ന കളിക്കാരടങ്ങുന്ന 6 പുരുഷ ടീമുകളും 4 വനിതാ ടീമുകളുമാണ് മാറ്റുരക്കുന്നത്.

പുരുഷ വിഭാഗത്തില്‍ ബിപിസിഎല്‍ കൊച്ചി, കെഎസ്ഇബി, തണ്ടര്‍ ബോള്‍ട്ട്, കൊച്ചിന്‍ കസ്റ്റംസ്, വനിതാ വിഭാഗത്തില്‍ കേരള പൊലീസ്, അല്‍ഫോന്‍സ കോളേജ് പാല, സെന്റ് ജോസഫ് , ഖേലോ ഇന്ത്യ തുടങ്ങിയ ടീമുകളാണുള്ളത്.