ഗ്രാമ വിശുദ്ധിയും ലാളിത്യവും വാക്കുകളിലാവാഹിച്ച കവി; കടത്തനാട് മാധവിയമ്മയുടെ 24ാംം ചരമ വാര്‍ഷിക ദിനത്തില്‍ അവരുടെ എഴുത്തും ജീവിതവും അനുസ്മരിച്ച് പദ്മനാഭന്‍ തിക്കോടിയുടെ കുറിപ്പ്


വടകര: കൃത്രിമത്വമില്ലാത്ത, നിഷ്‌കളതയും, ഗ്രാമീണതയും തുടിയ്ക്കുന്ന കവിതകളായിരുന്നു കടത്തനാട് മാധവിയമ്മയുടെ തൂലികയില്‍ നിന്നും ഏറെയും പിറന്നു വീണത്. ശക്തമായ ആശയങ്ങള്‍, പ്രകൃതി സ്‌നേഹം, ഗ്രാമത്തോടുള്ള ആരാധന, അനീതികള്‍ക്കെതിരെയുള്ള ധാര്‍മികരോഷം എന്നിവയെല്ലാം തെളിനീരുപോലെ സ്വച്ഛസുന്ദരമായ കവിതകളിലൂടെ ഇവര്‍ ആവിഷ്‌കരിച്ചു.

പുറം ലോകത്തോട് സ്ത്രീകള്‍ക്ക് അധികമായി ഇടപെടാന്‍പോലും കഴിയാത്ത ഒരു കാലഘട്ടത്തില്‍പ്പോലും അക്കാലത്തെ യാഥാസ്ഥിതിക നായര്‍ കുടുംബത്തില്‍ ജനിച്ച മാധവിയമ്മ തന്റെ എഴുത്തുകൊണ്ട് ഇന്നും ലോക ശ്രദ്ധ നേടുകയാണ്. കടത്തനാട് മാധവിയമ്മയുടെ എഴുത്തിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മാധവിയമ്മയുടെ 24ാം ചരമ വാര്‍ഷിക ദിനത്തില്‍ എഴുത്തുകാരനും അധ്യാപകനുമായിരുന്ന പദ്മനാഭന്‍ തിക്കോടി അനുസ്മരിക്കുന്നു.

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ പദ്മനാഭന്‍ തിക്കോടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ ഉപപാഠപുസ്തകമായി പഠിച്ച ‘തച്ചോളി ഒതേനന്‍’ എന്ന പുസ്തകത്തിന്റെ കര്‍ത്താവായാണ് കടത്തനാട് മാധവിയമ്മ എന്ന എഴുത്തുകാരിയെ ഞാന്‍ ആദ്യം അറിയുന്നത്. പല എഴുത്തുകാരെയും പരിചയപ്പെടുത്തിയിരുന്ന വി ടി കുമാരന്‍ മാസ്റ്ററാണ് കവയിത്രിയായ മാധവി അമ്മ യെ തിരിച്ചറിയാന്‍ സഹായിച്ചത്.

കൃത്രിമത്വമില്ലാത്ത, നിഷ്‌കളതയും, ഗ്രാമീണതയും തുടിയ്ക്കുന്ന കവിതകളായിരുന്നു കടത്തനാട് മാധവിയമ്മയുടെ തൂലികയില്‍ നിന്നും ഏറെയും പിറന്നു വീണത് എന്ന് ഞങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

ശക്തമായ ആശയങ്ങള്‍, പ്രകൃതി സ്‌നേഹം, ഗ്രാമത്തോടുള്ള ആരാധന, അനീതികള്‍ക്കെതിരെയുള്ള ധാര്‍മികരോഷം എന്നിവയെല്ലാം തെളിനീരുപോലെ സ്വച്ഛസുന്ദരമായ കവിതകളിലൂടെ ഇവര്‍ ആവിഷ്‌കരിച്ചത് പില്‍ക്കാല വായനയിലൂടെ ആസ്വദിച്ചു.

1990 ല്‍ പ്രസിദ്ധപ്പെടുത്തിയ ‘കടത്തനാട്ട് മാധവി അമ്മയുടെ കവിതകള്‍’ എന്ന കവിതാ സമാഹാരത്തിലുള്ള മിക്ക കവിതകളും മുന്‍കാലങ്ങളില്‍ തന്നെ വായിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. വള്ളത്തോള്‍ കവിതകളില്‍ ഉണ്ടായിരുന്ന ശബ്ദസൗകുമാര്യം ഇവര്‍ രചിച്ച നാടന്‍ പാട്ടിന്റെ താളത്തിലുള്ള മിക്ക കവിതകളിലും ഞാന്‍ കണ്ടു. ബാലാമണിയമ്മയില്‍ കണ്ടിരുന്ന മാതൃഭാവം മാധവി അമ്മക്കവിതയുടെ ഹൃദയ ധാരയായത് ഉള്‍ക്കൊണ്ടു.

ഈ കവിതകള്‍ വായിക്കുന്നതോടൊപ്പം തന്നെ അവരുടെ ജീവിതത്തെപ്പറ്റിയും ഏറെയൊക്കെ മനസ്സിലാക്കാന്‍ പറ്റി. കടത്തനാട്ട് ഇരിങ്ങണ്ണൂര്‍ അംശത്ത് കീഴ്പ്പള്ളി എന്ന നായര്‍ തറവാട്ടില്‍ കൊല്ലവര്‍ഷം 1084 ഇടവ മാസത്തിലാണ് (1909 ജൂണ്‍ 15ന്) കവിയായ തിരുവോത്ത് കണ്ണക്കുറുപ്പിന്റെയും കല്യാണിയമ്മയുടെയും മകളായി മാധവിയമ്മ ജനിക്കുന്നത്. അക്കാലത്തെ യാഥാസ്ഥിതിക നായര്‍ കുടുംബങ്ങളിലെല്ലാം പതിവുള്ളതുപോലെ പെണ്‍കുട്ടിക്ക് അക്കാലത്ത് ലഭിക്കാവുന്ന പരമാവധി പ്രാഥമിക വിദ്യാഭ്യാസം (അഞ്ചാം ക്ലാസ്സ്) മാത്രമേ മാധവി അമ്മയ്ക്കും ലഭിച്ചുള്ളൂ.
മറ്റുള്ളവരുമായി ഉല്ലസിച്ചു നടക്കുന്നതിലേറെ മാവിന്‍ചുവട്ടിലും വയല്‍വരമ്പിലും അണ്ണാറക്കണ്ണനോടു സല്ലപിച്ചും നാട്ടിപ്പാട്ട് കേട്ടും പെണ്ണുങ്ങളുടെ പായ്യാരംപറച്ചിലും പഴംപുരാണങ്ങളും ശ്രദ്ധിച്ചും മനസ്സില്‍ വരുന്നതെല്ലാം വൃത്തമൊപ്പിച്ച് വരികളാക്കി മൂളി നടക്കുന്നതിലായിരുന്നു മാധവി അമ്മയ്ക്ക് കമ്പം. തന്റെ മൂത്ത മകളുടെ ഈ സങ്കല്പലോകത്തിലേക്ക് ആദ്യമായി എത്തിനോക്കിയത് ഒരു കവിയായിരുന്ന സ്വന്തം അച്ഛന്‍ തന്നെയായിരുന്നു. തന്റെ മകളുടെ കഴിവുകളെ വികസിപ്പിക്കാന്‍ തന്നെക്കൊണ്ട് കഴിയുന്നതെല്ലാം ചെയ്യാന്‍ ആ കവിമനസ്സ് സന്നദ്ധമായി.

വരികള്‍ എഴുതിവെക്കാനുള്ള കാര്യഗൗരവം വന്നിട്ടില്ലാത്ത മകള്‍ മൂളി നടന്ന വരികള്‍ അദ്ദേഹം തന്നെ എഴുതിവെച്ചു. അഞ്ചാം ക്ലാസില്‍ സ്‌കൂള്‍ പഠനം നിര്‍ത്തിയ മകളെ സംസ്‌കൃതം പഠിപ്പിക്കാനും സംസ്‌കൃത കാവ്യങ്ങളുമായി പരിചയപ്പെടുത്താനും വീട്ടില്‍ സൗകര്യമൊരുക്കി.
വൈകുന്നേരങ്ങളില്‍ ഇവരുടെ തറവാട്ടിന്റെ പൂമുഖത്ത് കടത്തനാട്ടില്‍ അന്നുണ്ടായിരുന്ന സാഹിത്യകാരന്മാരും കാവില്‍ പി. രാമപ്പണിക്കരെ പോലുള്ള സംസ്‌കൃതപണ്ഡിതന്മാരും മൊയാരത്ത് ശങ്കരനെ പോലുള്ള സാഹിത്യ രാഷ്ട്രീയ ചിന്തകന്മാരും ഒത്തുചേരുമായിരുന്നു. അവര്‍ ആശയങ്ങള്‍ പങ്കുവെക്കും, ചൂടുപിടിച്ച ചര്‍ച്ച നടക്കും, കവിതാ അവതരണങ്ങളുണ്ടാകും. ഒരേ പുരാണകഥയുടെ പല ഭാഗങ്ങള്‍ പലര്‍ എഴുതി കാവ്യമായി അവതരിപ്പിക്കും. കൗമാരം കടന്നിട്ടില്ലാത്ത മാധവി അമ്മ ഇതിലൊക്കെ സജീവസാന്നിദ്ധ്യമായി. തച്ചോളി ഒതേനനും ആദ്യ കവിതയുമൊക്കെ ഈ കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടു. ആദ്യകവിത ‘മാലതി’ എന്ന തൂലികാനാമത്തില്‍ ‘കവനകൗമുദി’യില്‍ പ്രസിദ്ധീകരിച്ചു വരുമ്പോള്‍ മാധവി അമ്മയ്ക്ക് 13 വയസ്സ് കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീട് എഴുതപ്പെട്ട കവിതകളൊക്കെ ആനുകാലികങ്ങളില്‍ ഇടയ്ക്കിടെ പ്രസിദ്ധപ്പെടുത്തി വന്നു.

‘കാവ്യോപഹാരം’, ‘ഗ്രാമശ്രീകള്‍’, ‘കണിക്കൊന്ന’, ‘മുത്തച്ഛന്റെ കണ്ണുനീര്‍’, ‘ഒരു പിടി അവില്‍’ എന്നീ കവിതാസമാഹാരങ്ങളും ‘പയ്യംവെള്ളി ചന്തു’ എന്ന ഗദ്യ കൃതിയും ‘കവിയുടെ ഭാര്യ’, ‘പുത്രവധു’, ‘സംബന്ധക്കാരന്‍’, ‘പ്രണയത്തിന്റെ പൗരുഷം’, ‘ജീവിത തന്തുക്കള്‍’ എന്നീ ചെറുകഥാ സമാഹാരങ്ങളും അവരുടെതായി പിന്നീട് പുറത്തുവന്നു. കവിതയില്‍ ആവിഷ്‌കരിക്കാന്‍ പ്രയാസമുള്ള സാമൂഹികപ്രശ്‌നങ്ങള്‍ അവര്‍ കഥയിലൂടെ ആവിഷ്‌കരിക്കുകയായിരുന്നു.

സാഹിത്യപരിഷത്ത് സമ്മേളനങ്ങളില്‍ പല തവണ അദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടിരുന്ന ഇവരെ തേടി നിരവധി പുരസ്‌കാരങ്ങള്‍ എത്തി.
ചങ്ങമ്പുഴ അവാര്‍ഡ്, രാമാശ്രമം അവാര്‍ഡ്, ‘കണിക്കൊന്ന’ എന്ന കൃതിക്ക് ലഭിച്ച മലയാളനാടിന്റെ മികച്ച കവിതയ്ക്കുള്ള അവാര്‍ഡ്, 1996ലെ ‘സമഗ്രസംഭാവനകള്‍’ക്കുള്ള കേരളസാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവ ഇവയില്‍ ചിലത് മാത്രം.

1999 ഡിസംബര്‍ 24ന് തൊണ്ണൂറാം വയസ്സിലാണ് വാര്‍ദ്ധക്യമില്ലാത്ത നിരവധി കവിതകള്‍ നമുക്കു നല്‍കിയ മാധവിയമ്മ നമ്മെ വിട്ടുപിരിയുന്നത്.