ഉപയോഗിക്കാന്‍ പറ്റാത്ത വാഹനം ഒന്നും നോക്കാതെ അങ്ങ് വിറ്റ് കളയാം എന്നൊന്നും കരുതല്ലേ; പൊളിക്കാന്‍ കൊടുക്കാന്‍ പോലും ചില ചട്ടങ്ങളുണ്ട്, മോട്ടോര്‍ വാഹന വകുപ്പിന്റെ ഈ നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ പണി കിട്ടും


തുരുമ്പെടുത്ത വാഹനം ആക്രിക്കച്ചവടക്കാര്‍ക്കും മറ്റും വില്‍ക്കാന്‍ ആലോചനയുണ്ടോ, ഉപയോഗിക്കാന്‍ പറ്റില്ലെങ്കില്‍ ഒന്നും നോക്കാതെ അങ്ങ് വിറ്റ് കളയാം എന്നൊന്നും കരുതല്ലേ. അതിനും ചില നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ട്. പൊളിക്കാന്‍ വേണ്ടി വാഹനം കൈമാറുമ്പോള്‍ പോലും വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്.

ഈ നിബന്ധനയ്ക്ക് പിന്നില്‍ മറ്റൊന്നുമല്ല. പൊളിക്കാനായാല്‍ പോലും വാഹനങ്ങള്‍ മറ്റൊരാള്‍ക്ക് നല്‍കുമ്പോള്‍ അത് പുനരുപയോഗിക്കാന്‍ ചിലപ്പോഴെങ്കിലും സാധ്യതയുണ്ട്. കഞ്ചാവ് കടത്താനോ മറ്റ് കുറ്റകൃത്യങ്ങള്‍ക്കോ വേണ്ടി ഇത്തരത്തില്‍ കൊടുത്ത ഒരു വണ്ടി ഉപയോഗിച്ചാല്‍ രജിസ്ട്രേഷന്‍ ആരുടെ പേരിലാണോ അയാളാണ് പ്രധാനമായും നിയമനടപടി നേരിടേണ്ടി വരിക. ആര്‍.സി നിങ്ങളുടെ പേരിലാണെങ്കില്‍ നിയമപ്രകാരം നിങ്ങളില്‍ കുറ്റം ചാര്‍ത്തപ്പെടും. ഇങ്ങനെയുള്ള കുരുക്കുകളില്‍ ചാടാതെ രക്ഷപ്പെടാനാണ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയതിന് ശേഷം മാത്രം വാഹനക്കൈമാറ്റം നടത്തണമെന്ന് പറയുന്നത്. നിലവില്‍ സമാനസ്വഭാവമുള്ള കേസുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് ഈ നിര്‍ദേശം കര്‍ശനമായി പാലിക്കാന്‍ ആവശ്യപ്പെടുന്നത്.

ഏതെങ്കിലും ഒരു വാഹനം പൊളിക്കണമെങ്കില്‍  ആദ്യം മോട്ടോര്‍ വാഹന ഓഫീസില്‍ ഒരു അപേക്ഷ സമര്‍പ്പിക്കണം. പിന്നീട് വണ്ടിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും നികുതിയോ പിഴയോ അടച്ച് തീര്‍ക്കാനുണ്ടെങ്കില്‍ അക്കാര്യത്തിലും തീരുമാനമാക്കണം. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ചേസിസ് നമ്പര്‍, എന്‍ജിന്‍ നമ്പര്‍ എന്നിവ കട്ട് ചെയ്ത് വേണം വാഹനം പൊളിക്കാന്‍. അതിന് ശേഷം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വാഹനം പൊളിച്ചുകളഞ്ഞുവെന്ന് റിപ്പോര്‍ട്ട് ചെയ്യും. ഇതോടെയാണ് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാകുകയെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറയുന്നത്.