റിപബ്ലിക് ദിന പരേഡിൽ സാഹസിക ബൈക്ക് റൈഡ്; നാദാപുരത്തിൻ്റെ അഭിമാനവനിതകളെ കാത്ത് കർത്തവ്യപഥ്


നാദാപുരം: നാടിൻ്റെ അഭിമാനമായി രണ്ട് നാദാപുരം സ്വദേശിനികൾ റിപബ്ലിക് ദിന പരേഡിൽ ഭാഗമാകാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ്. സി.ആർ.പി.എഫിന്റെ 262 സാഹസിക മോട്ടോർ സംഘമായ യശസ്വിനിയില്‍ മറ്റ് അഞ്ച് മലയാളി വനിതകൾക്കൊപ്പം ഇടം പിടിച്ചിരിക്കുന്നത് സി.ആർ.പി.എഫ് പാരാമിലിട്ടറി വനിത കമാൻഡോയായ നാദാപുരം താനക്കോട്ടുരിലെ താടിക്കാരന്റവിട ചന്ദ്രിയുടെയും രാജന്റെയും മകളായ ജിൻസിയും കോ റൈഡറായ നാദാപുരം കുന്നുമ്മല്‍ രവീന്ദ്രന്റെ മകള്‍ അഞ്ജുവുമാണ്.

മഹാരാഷ്ട്ര നാഗ്പൂരില്‍ കേന്ദ്രീകരിച്ച 213 മഹിള ബറ്റാലിയനിലെ അംഗങ്ങളായ ഈ സാഹസിക വനിതകൾ ബീംറോള്‍, പിരമിഡ്, ഓള്‍റൗണ്ട് ഡിഫൻസ്, നാരിശക്തി, ആരോഹെഡ്, റൈഫിള്‍ പൊസിഷൻ, ചന്ദ്രയാൻ, വി.ഐ.പി സല്യൂട്ട് തുടങ്ങിയ സാഹസിക പ്രകടനങ്ങളാണ് കർത്തവ്യപഥിലെ അഭിമാന മുഹൂർത്തത്തിൽ കാഴ്ചവെക്കുക.

മലയാളികളായ അഞ്ച് റൈഡേഴ്‌സും കോ റൈഡേഴ്‌സും പരേഡിൽ പങ്കെടുക്കും.എം.കെ. ജിൻസി (നാദാപുരം, താനക്കോട്ടൂർ), അഞ്ജു സജീവ് (കടയ്ക്കല്‍, കൊല്ലം), അപർണ ദേവദാസ് (വാളയാർ, പാലക്കാട്), സി. മീനാംബിക (പുത്തൂർ, പാലക്കാട്), സി.പി. അശ്വതി (പട്ടാമ്ബി, പാലക്കാട്) പരേഡിൽ ഭാഗമാവുന്ന മുഖ്യ റൈഡർമാർ. എൻ. സന്ധ്യ (കുഴല്‍മന്ദം, പാലക്കാട്‌), സി.വി. അഞ്ജു (നാദാപുരം, കോഴിക്കോട്), ബി. ശരണ്യ (കൊല്ലം), ഇ. ശിശിര (മഞ്ചേരി, മലപ്പുറം), ടി.എസ്. ആര്യ (കല്ലറ, തിരുവനന്തപുരം) എന്നിവരാണ് കോ റൈഡേഴ്‌സ് ആയി പങ്കെടുക്കുന്ന മലയാളി വനിതകൾ.

2021 ൽ സി.ആർ.പി.എഫിൽ തിരഞ്ഞു ക്കപ്പെട്ട ജിൻസി പള്ളിപ്പുറത്തെ ക്യാമ്പിലെ ഒരു വർഷത്തോളം നീണ്ട് നിൽക്കുന്ന പരിശീലനത്തിനൊടുവിലാണ് സേനയിൽ നിയമനം നേടുന്നത്. അത് വെറുമൊരു നേട്ടമായിരുന്നില്ല. 700 വനിതാ സൈനികരിൽ ഒന്നാമതായി പരിശീലനം പൂർത്തിയാക്കിയാണ് ജിൻസി പാരാമിലിറ്ററി കമാൻഡോ ആയി നിയമനം നേടിയത്.

സി.ആർ.പി.എഫിനു പുറമെ സശസ്ത്ര സീമബല്‍, ബി.എസ്.എഫ് തുടങ്ങിയ അർധസൈനിക വിഭാഗങ്ങളും ഇത്തവണത്തെ റിപബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നുണ്ട്. സി.ആർ.പി.എഫിന്റെ നേതൃത്വത്തിലാണ് നിലവില്‍ ഇതിന് വേണ്ട പരിശീലനം നടക്കുന്നത്. ഡല്‍ഹി സി.ആർ.പി.എഫ് അക്കാദമിയില്‍ രണ്ടുമാസമായി പരേഡിന് വേണ്ടിയുള്ള അവസാന ഘട്ട പരിശീലനത്തിലാണ് എല്ലാവരും.