രാജ്യത്തെ വെട്ടിമുറിക്കുന്ന, സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാറിനെതിരെ അതിശക്തമായ പ്രതിഷേധം പാര്‍ലമെന്റില്‍ ഉയരണമെന്ന് ശൈലജ ടീച്ചര്‍; പേരാമ്പ്രയില്‍ കരുത്തുകാട്ടി എല്‍.ഡി.എഫിന്റെ റോഡ് ഷോ


പേരാമ്പ്ര: നമ്മുടെ രാജ്യത്തെ വെട്ടിമുറിക്കാനൊരുങ്ങുന്ന, രാജ്യത്തെ സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ചെയ്തികള്‍ക്കെതിരായുള്ള അതിശക്തമായ പ്രതിഷേധം ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഉയരേണ്ടതായിട്ടുണ്ടെന്ന് കെ.കെ.ശൈലജ ടീച്ചര്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പേരാമ്പ്രയില്‍ നടന്ന റോഡ് ഷോയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

കഴിഞ്ഞതവണ തെരഞ്ഞെടുത്ത യു.ഡി.എഫിന്റെ എം.പിമാര്‍ പൗരത്വഭേദഗതി നിയമം പാസാക്കുമ്പോള്‍ വരെ മൗനം പാലിച്ചുവെന്നത് അങ്ങേയറ്റം മോശമായ കാര്യമാണ്. അവിടെ ശക്തമായി പ്രതിഷേധിച്ചത് ഇടതുപക്ഷ എം.പിമാരാണ്. ഇത്തവണ ജനങ്ങള്‍ എല്‍.ഡി.എഫിന്റെ ഇരുപത് പേരെ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുത്തയച്ചാല്‍ രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും തകര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയരും.

ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയില്‍ ഇന്ത്യാമുന്നണിയുടെ മതേതര സര്‍ക്കാര്‍ രൂപംകൊള്ളാനുള്ള സാധ്യതയുണ്ടാവുമ്പോള്‍ അതിന് കരുത്തായി ഇടതുപക്ഷത്തിന്റെ സാന്നിധ്യം ഇന്ത്യന്‍പാര്‍ലമെന്റിലുണ്ടാവണമെന്നുള്ളത് കേരളത്തിലെ ജനങ്ങള്‍ തീരുമാനിക്കും എന്ന കാര്യം ഉറപ്പാണ്. ചാഞ്ചല്യമില്ലാതെ മതേതരത്വത്തിനും ജനാധിപത്യത്തിനുംവേണ്ടി നിലകൊള്ളുന്നത് ഇടതുപക്ഷമാണെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ടാവുമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

വന്യമൃഗ ഭീഷണി നേരിടാന്‍ കേന്ദ്രത്തിന്റെ നിയമാവലികളില്‍ കൂടി മാറ്റം വരേണ്ടതുണ്ട്. വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുത്താല്‍ ഇവിടുത്തെ കര്‍ഷകരുടെയും ജനങ്ങളുടെയും പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുന്നതിന് തയ്യാറാവും. അഞ്ചുവര്‍ഷക്കാലം കേരളത്തിലെ ആരോഗ്യ, സാമൂഹിക നീതി വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരിക്കാന്‍ അവസരമുണ്ടായിട്ടുണ്ട്. ആ സമയത്ത് കേരളത്തിലെ ആരോഗ്യമേഖലയെ പരിഷ്‌കരിക്കുന്നതിന് നടത്തിയ ഇടപെടലുകള്‍ ഈ നാട്ടിലെ ജനങ്ങള്‍ക്ക് മുമ്പാകെയുണ്ടെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

എല്‍.ഡി.എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന റോഡ് ഷോയില്‍ ആയിരങ്ങളാണ് അണിനിരന്നത്. പേരാമ്പ്ര റസ്റ്റ്ഹൗസ് പരിസരത്ത് നിന്ന് ആരംഭിച്ച റോഡ് ഷോ ചെമ്പ്ര റോഡ് മൈതാനിയിലാണ് അവസാനിച്ചത്.