നാദാപുരത്ത് ഭർതൃ​വീട്ടിൽ വെച്ച് യുവതിക്ക് ക്രൂരമർദനം; പൊലീസ് അനാസ്ഥ കാണിക്കുന്നെന്ന് എംഎൽഎ കെകെ രമ


നാദാപുരം: കീഴൽ സ്വദേശിനിയായ യുവതിക്ക് നാദാപുരം ചാലപ്പുറത്തെ ഭർതൃവീട്ടിൽ വെച്ച് ക്രൂരമായ മർദ്ദനമേറ്റ സംഭവത്തിൽ നാദാപുരം പൊലിസ് കാണിക്കുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് എംഎൽഎ കെകെ രമ. ചെക്കോട്ടി ബസാറിൽ തട്ടാറത്ത് മീത്തൽ മൂസയുടെ മകൾ റുബീന (30)യ്ക്ക് ആണ് മർദനമേറ്റത്. ഇവരെ വീട്ടിൽ സന്ദർശിച്ച ശേഷമാണ് എംഎൽഎയുടെ പ്രതികരണം.

ഏപ്രിൽ മൂന്നിന് ചാലപ്പുറത്തെ കുന്നോത്ത് വീട്ടിൽ വെച്ചാണ് ഭർത്താവും ഭർതൃസഹോദരൻമാരും ചേർന്ന് യുവതിയെ ക്രൂരമായി മർദ്ദിച്ചത്. മുഖത്തും വയറിലുമെല്ലാം ബൂട്സിട്ട കാലുകൊണ്ട് ചവിട്ടി പരിക്കേൽപ്പിച്ച ഇവരെ വീട്ടുകാരെത്തി ഉടൻ ആശുപത്രിയിൽ എത്തിച്ചതിനാലാണ് ജീവൻ തിരിച്ച് കിട്ടിയത്. ആക്രമണത്തിൽ റുബീനക്ക് തലയ്ക്കും ശരീരമാസകലവും സാരമായ പരിക്കേറ്റിരുന്നു. വടകര ജില്ലാ ആശുപത്രിയിലും, സഹകരണ ആശുപത്രിയിലും, കോഴിക്കോട് മെഡിക്കൽ കോളജിലും ദിവസങ്ങളോളം ചികിത്സയ്ക്ക് വിധേയ ആയതിന് ശേഷമാണ് ആരോ​ഗ്യാവസ്ഥ മെച്ചപ്പെട്ടത്.

നാദാപുരം ചാലപ്പുറത്തു കുന്നോത്ത് ജാഫറിന്റെ ഭാര്യയാണ് റുബീന. ജാഫറിന്റെ വഴിവിട്ട ജീവിതം വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് റുബീനയുടെ കയ്യിൽ കിട്ടുകയും ഇത് ജാഫറിനേയും കുടുംബത്തെയും പ്രകോപിപ്പിക്കുകയും ചെയ്തു. ഇത് തിരിച്ചു കിട്ടുന്നതിനായി ഭർത്താവ് ജാഫറും സഹോദരങ്ങളായ ജംഷീർ, ജസീർ എന്നിവരും ചേർന്ന് ഭർത്താവിന്റെ ഉമ്മയുടെയും ഉപ്പയുടെയും സാന്നിധ്യത്തിൽ തന്നെ മർദ്ദിച്ചു എന്നാണ് റുബീന പറയുന്നത്.

റൂറൽ എസ്.പിയെ നേരിൽ കണ്ടും വനിതാകമ്മീഷനും പരാതി നൽകിയിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് റുബീനയുടെ കുടുംബം പറയുന്നത്. ജാമ്യം ലഭിക്കാവുന്ന വിധത്തിലുള്ള വകുപ്പുകൾ ചുമത്തി പ്രതികൾക്കുവേണ്ട സഹായം ചെയ്യുകയാണ് പൊലീസ് ചെയ്തത്. പെൺകുട്ടി നൽകിയ മൊഴികൾക്ക് വിരുദ്ധമായാണ് പൊലീസ് എഫ്.ഐ.ആർ തയ്യാറാക്കിയതെന്നും കുടുംബം പറയുന്നുണ്ട്.

ഇക്കാര്യങ്ങളെല്ലാം മുൻനിർത്തി കേസിൽ ഉന്നത തല അന്വേഷണം നടത്തണമെന്നും പ്രതികളെ ഉടൻ നിയമത്തിനു മുൻപിൽ കൊണ്ടുവരാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നുമാണ് കെ.കെ.രമ പറയുന്നത്. യു.ഡി.എഫ് നേതാക്കളായ അഡ്വ ഇല്യാസ് പി.ടി, ഷാനിഷ്കുമാർ, അഷ്റഫ് കോറോത്ത്, നൈസാം രാജഗിരി, ഇൻസാഫ് പാറക്കൂൽ, സറീന കേളോത്ത്, ശാലിനി, സുബൈദ കൂയ്യടിയിൽ, ധന്യ, സുബിഷ, സനിയ എം.കെ,ബുഷ്റ ഇബ്രാഹിം അൽഫജർ, ഷഹീന അഷ്റഫ് കോറോത്ത്, നസ്രിയ കുഞ്ഞിമൊയ്തു പി കെ എന്നിവരും ഒപ്പമുണ്ടായിരുന്നു.