ചക്കിട്ടപ്പാറക്കാരനായ ജിന്റോ തോമസിന് ഇത് അഭിമാന നിമിഷം; കേരളീയം 2023 ചലച്ചിത്ര മേളയിൽ ‘കാടകലവും’


പേരാമ്പ്ര: കേരളീയം 2023 ചക്കിട്ടപാറക്കാരനായ ജിന്റോ തോമസിനെ സംബന്ധിച്ച് ഇരട്ടി മധുരം നൽകുന്നതാണ്. തിരുവനന്തപുരത്ത് വച്ച് നടക്കുന്ന കേരളീയം ആഘോഷത്തിൻ്റെ ഭാഗമായുള്ള ചലച്ചിത്രോത്സവത്തിലേക്ക് ജിന്റോ തോമസ് തിരക്കഥ എഴുതിയ ‘കാടകലം’ തെരഞ്ഞെടുക്കപ്പെട്ടു.

കേരള ചലച്ചിത്ര അക്കാദമിയും KSFDC യും ചേർന്ന് മലയാള ചലച്ചിത്ര ചരിത്രത്തിൽ നാഴികകല്ലുകൾ ആയ, തിരഞ്ഞെടുക്കപ്പെട്ട മികച്ച സിനിമകളാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്. 1954 മുതൽ 2023 വരെ ഉള്ള നൂറ് മികച്ച സിനിമകളിൽ ഒന്നായാണ് ‘കാടകലം’ തെരഞ്ഞെടുക്കപ്പെട്ടത്.

ജിന്റോ തോമസിന്റെ ആദ്യ സ്വതന്ത്ര തിരക്കഥ കൂടിയാണ് ‘കാടകലം’. കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച കുട്ടികളുടെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് ‘കാടകലം’. പ്രതിലിപിയുടെ ‘അന്തോണി’ ആണ് ജിന്റോ ആദ്യമായി സംവിധാനം ചെയ്ത ചിത്രം .

നവംബർ നാലിന് രാത്രി 7 മണിക്ക് കലാഭവനിൽ ആണ് ‘കാടകലം’ പ്രദർശിപ്പിക്കുന്നത്. മലയാളത്തിലെ മികച്ച ചിത്രങ്ങളായ എലിപ്പത്തായം, മൈ ഡിയർ കുട്ടിച്ചാത്തൻ , നീലക്കുയിൽ, ചെമ്മീൻ തുടങ്ങിയ സിനിമകൾക്കൊപ്പം തൻറെ സിനിമയും പ്രദർശിപ്പിക്കാൻ കഴിയുന്നതിൽ ഏറെ സന്തോഷവും അഭിമാനവും തോന്നുന്നു എന്ന് ജിന്റോ പറയുന്നു. ജനപ്രിയ ചിത്രങ്ങൾ,കുട്ടികളുടെ ചിത്രങ്ങൾ, സ്ത്രീപക്ഷ സിനിമകൾ എന്നീ വിഭാഗങ്ങളിലായാണ് പ്രദർശനം.

1954 റിലീസ് ചെയ്ത നീലക്കുയിൽ മുതൽ 2023ലെ ബി 32 ടു 44, ഡിവോഴ്സ് എന്നീ ചിത്രങ്ങൾ വരെ ചലച്ചിത്രമേളയിൽ കാണാം. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത എലിപ്പത്തായമാണ് ഉദ്ഘാടന ചിത്രം .

സിനിമാ മേഖലയിൽ കടന്നു വന്നിട്ട് കുറച്ചധികം കാലമായ ജിന്റോ , സിനിമാ സംവിധായകൻ സിബി മലയിലിന്റെ കീഴിലായിരുന്നു സംവിധാന പഠനം. ചക്കിട്ടപാറയിൽ തോമസിന്റെയും മോളി തോമസിന്റെയും മകനാണ് ജിന്റോ തോമസ് .