‘ലൈസന്‍സുണ്ട്, പക്ഷേ ഓടിക്കാനറിയില്ല’ ഈ കളി ഇനി ഇവിടെ നടക്കില്ല; സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള കടമ്പകളേറും, മാറ്റങ്ങളെന്തൊക്കെയെന്നറിയാം


തിരുവനന്തപുരം: വൃത്തിയായി വാഹനം ഓടിക്കാനും കൈകാര്യം ചെയ്യാനുമറിയാതെ ഡ്രൈവിംഗ് ലൈസൻസ് എടുത്ത് വെച്ച് ലൈസന്‍സ് ഉണ്ട് പക്ഷേ ഓടിക്കാനറിയില്ല എന്ന് പറയുന്ന പരിപാടി ഇനിമുതല്‍ നടക്കില്ല. സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള നടപടികള്‍ കര്‍ശനമാക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. ലൈസൻസ് ലഭിക്കുന്നതിനുള്ള നടപടികളിൽ സമഗ്രമായ മാറ്റം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

ലൈസന്‍യുമായി ബന്ധപ്പെട്ട്  ഏറ്റവും പ്രധാന മാറ്റം വരാന്‍ പോകുന്നത് ലേണേഴ്സ് ടെസ്റ്റില്‍ ആയിരിക്കും. നിലവില്‍ ലേണേഴ്സില്‍ 20 ചോദ്യങ്ങളിൽ 12 എണ്ണം ശരിയായാൽ മതിയായിരുന്നു. എന്നാല്‍ ഇനിയങ്ങോട്ട് ലേണേഴ്സില്‍ ചോദ്യങ്ങളുടെ എണ്ണം 20ല്‍ നിന്ന് 30 ആക്കി ഉയര്‍ത്തും. അതില്‍ 30 ചോദ്യങ്ങളില്‍ 25 എണ്ണത്തിന് ശരിയുത്തരം എഴുതിയാല്‍ മാത്രമാണ് പരീക്ഷ പാസായതായി കണക്കാക്കൂ എന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ ഒരുദിവസം ഒരു ഓഫീസില്‍ നിന്ന് ഇരുപതിലധികം ലൈസന്‍സുകള്‍ അനുവദിക്കരുതെന്ന് തീരുമാനിച്ചിട്ടുണ്ട്.  ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും.

ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളിലുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റവും സംസാരവും സഭ്യമായിരിക്കണമെന്നും ഉദ്യോഗസ്ഥർ മോശമായ ഭാഷ പ്രയോഗിക്കരുതെന്നും മന്ത്രി പറഞ്ഞു. കുട്ടികളോടും സ്ത്രീകളോടും വളരെ മാന്യമായി വേണം ഇടപെടാന്‍. എല്ലാം ക്യാമറയില്‍ റെക്കോർഡ് ചെയ്യുകയും ഇത് മൂന്ന് മാസം സൂക്ഷിക്കുകയും പരാതിയുണ്ടെങ്കില്‍ ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാഹനം ഓടിക്കുക എന്നതുപോലെ തന്നെ പ്രധാനമാണ് വാഹനം കൈകാര്യം ചെയ്യുക എന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.ശുപാര്‍ശ കൊണ്ടുവന്നാല്‍ ലൈസൻസ് നല്‍കില്ലെന്നും. ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവര്‍ത്തന രീതികളില്‍ മാറ്റം വരുത്തുമെന്നും അറിയിച്ചു. സംസ്ഥാനത്ത് നാലര ലക്ഷം ലൈസൻസും ആര്‍സി ബുക്കും വിതരണം ചെയ്യാനുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു.

ഫ്രീക്കമ്മാര്‍ക്ക് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ പ്രത്യേക സ്ഥലം കണ്ടെത്തണമെന്നും മന്ത്രി റോഡില്‍ അഭ്യാസം പാടില്ലെന്നും ഗണേശ്കുമാര്‍ വ്യക്തമാക്കി. ഓരോ ജീവനും പ്രാധാന്യം നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം എടുത്ത് പറഞ്ഞു.