മലയാള മനോരമക്കെതിരെ ഇ.പി ജയരാന്റെ ഭാര്യ നല്‍കിയ അപകീര്‍ത്തി കേസ്; പത്ത് ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി


കണ്ണൂര്‍: മലയാള മനോരമയ്‌ക്കെതിരെ ഇ.പി ജയരാജന്റെ ഭാര്യ പി.കെ ഇന്ദിര നല്‍കിയ അപകീര്‍ത്തി കേസില്‍ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് കണ്ണൂര്‍ സബ്‌  കോടതി. കൊവിഡ് കാലത്ത് ‘മന്ത്രി ജയരാജന്റെ ഭാര്യ ക്വാറന്റീന്‍ ലംഘിച്ചെത്തി ലോക്കര്‍ തുറന്ന് ദുരൂഹ ഇടപാട് നടത്തിയെന്നായിരുന്നു’ മനോരമ നല്‍കിയ വാര്‍ത്ത.

2020 സെപ്റ്റംബര്‍ 14നാണ് മനോരമ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. മലയാള മനോരമ പ്രിന്റ് ആന്റ് പബ്ലിഷര്‍ ജേക്കബ് മാത്യു, എഡിറ്റോറിയല്‍ ഡയറക്ടര്‍ മാത്യൂസ് വര്‍ഗീസ്, ചീഫ് എഡിറ്റര്‍ മാമ്മന്‍ മാത്യു, എഡിറ്റര്‍ ഫിലിപ് മാത്യു, റിപ്പോര്‍ട്ടര്‍ കെ.പി സഫീന എന്നിവരാണ് എതിര്‍ കക്ഷികള്‍.

തന്നെയും കുടുംബത്തെയും മന:പൂര്‍വ്വം അവഹേളിക്കാന്‍ നല്‍കിയ വാര്‍ത്തയാണിതെന്നായിരുന്നു ഇന്ദിരയുടെ പരാതി. പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്നതിന് പുറമെ കോടതി ചിലവും മലയാള മനോരമ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.