‘വടകരയിൽ നടക്കാൻ പോകുന്നത്‌ ടി.പി വധക്കേസിലെ പ്രതി കുഞ്ഞനന്തനെ പുണ്യാളനായി ചിത്രീകരിച്ച കെ.കെ ശൈലജയ്ക്കെതിരെയുള്ള ശക്തമായ വിധിയെഴുത്ത്’: കെ.കെ രമ എം.എൽ.എ


വടകര: ‘ടി.പിചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ കുഞ്ഞനന്തനെ പുണ്യാളനായും, കുരിശേറിയവനായും, പാവങ്ങളുടെ പടത്തലവനായും ചിത്രീകരിച്ച കെ.കെ ശൈലജയുടെ നിലപാടിനെതിരെയുള്ള ശക്തമായ വിധിയെഴുത്തായിരിക്കും വടകരയിൽ നടക്കാൻ പോകുന്നതെന്ന് കെ.കെ രമ എം.എൽ.എ. യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി വടകരയിൽ ചേർന്ന യുഡിഎഫ് വനിതാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമ.

അമ്മമാർക്ക് മക്കളെയും, ഭാര്യമാർക്ക് ഭർത്താവിനെയും, സഹോദരിമാർക്ക് സഹോദരനെയും എന്നുവരെ കാണാമെന്ന് സി.പി.എം തീരുമാനിക്കുന്ന സാഹചര്യത്തിനെതിരെയുള്ള ഒരു സമൂഹത്തിന്റെ വിധിയെഴുത്ത് കൂടിയായിരിക്കും ഇതെന്നും അവർ പറഞ്ഞു.

ചടങ്ങിൽ ആമിന ടീച്ചർ അധ്യക്ഷത വഹിച്ചു. എൻ.വേണു, കെ.ബാലനാരായണൻ, ഐ.മൂസ, ഗൗരി പുതിയടുത്ത്, പി.കുൽസു, നിജേഷ് അരവിന്ദ്, സന്ധ്യ കരണ്ടോട്, ഗീതാ മോഹൻ എന്നിവർ സംസാരിച്ചു.