‘കോൺഗ്രസ് പ്രകടന പത്രിക മത ന്യൂനപക്ഷങ്ങളോടുള്ള വെല്ലുവിളി, ഇടതു പക്ഷം കേരളത്തിൽ വലിയ വിജയം നേടും’: ബിനോയ് വിശ്വം


നാദാപുരം: ‘ഇന്ത്യയിലെ മുസ്ലീം ജനവിഭാഗത്തിനെ ആശങ്കയിലാക്കിയ പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് ഒന്നും പറയാത്ത കോൺഗ്രസിന്റെ പ്രകടന പത്രിക അത്തരം വിഭാഗങ്ങളിൽ പെട്ട മനുഷ്യരോടുള്ള അനീതിയും കടുത്ത വെല്ലുവിളിയുമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽ.ഡി.എഫ് വടകര പാർലമെന്റ് മണ്ഡലം സ്ഥാനാർഥി കെ.കെ ശൈലജയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനായി നാദാപുരം കല്ലാച്ചിയിൽ ചേർന്ന സിപിഐ നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത് ബോധ്യപ്പെട്ടതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇപ്പോൾ പ്രകടന പത്രികയിലെ എട്ടാമത്തെ പേജിനെപ്പറ്റി പ്രസ്താവനയിറക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട്ടിൽ ലീഗിന്റെ കൊടിയെ മാറ്റി നിർത്തിയവർ ഫാസിസ്റ്റ് ഭീഷണിക്ക് മുന്നിൽ വഴങ്ങിക്കൊടുക്കുകയാണ് ചെയ്യുന്നത്. മതാധിഷ്ഠിത അജണ്ടുകളുമായി മുന്നോട്ട് പോകുന്ന ബിജെപിയുടെ ബി ടീമാകുകയാണ് കോൺഗ്രസ് യഥാർത്ഥത്തിൽ ചെയ്യുന്നത്. ഭീരുത്വമല്ല ധീരതയാണ് രാഷ്ട്രീയ പാർട്ടികൾക്കുണ്ടാവേണ്ടതെന്ന രാഷ്ട്രീയ പ്രവർത്തനത്തിന്റെ ബാലപാഠം പോലും കോൺഗ്രസ് മറന്നിരിക്കുന്നു. രാഹുൽ ഗാന്ധിയെ വയനാട്ടിലേക്ക് തള്ളിപ്പറഞ്ഞയച്ചവർക്ക് നിരാശപ്പെടേണ്ടി വരുന്ന തെരഞ്ഞെടുപ്പ് ഫലം ഉണ്ടാകും. ഇടതു പക്ഷം കേരളത്തിൽ വലിയ വിജയം നേടുകയും രാജ്യത്ത് ബിജെപി വിരുദ്ധ ഇന്ത്യാ മുന്നണി അധികാരത്തിലെത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഇ.കെ വിജയൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ ബാലൻ, സംസ്ഥാന കൗൺസിൽ അംഗം ടി.കെ രാജൻ, ജില്ലാ അസി.സെക്രട്ടറി അഡ്വ. പി ഗവാസ് ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ആർ ശശി, പി സുരേഷ് ബാബു, രജീന്ദ്രൻ കപ്പള്ളി, ആർ സത്യൻ, അജയ് ആവള എന്നിവര്‍ സംസാരിച്ചു.