പേരാമ്പ്ര ചക്കിട്ടപ്പാറയിലെ ഭിന്നശേഷിക്കാരന്റെ മരണം: പെന്‍ഷന്‍ ലഭിക്കാത്തത് മൂലമാണെന്ന മാധ്യമ പ്രചരണം തെറ്റ്; പ്രതികരണവുമായി പഞ്ചായത്ത് പ്രസിഡന്റ്‌


ചക്കിട്ടപാറ: ചക്കിട്ടപാറ മുതുകാട് ഭിന്നശേഷിക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സര്‍ക്കാറിനെതിരെ ഉയരുന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് മുതുകാട് പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍. കഴിഞ്ഞ നാല്മാസമായി പെന്‍ഷന്‍ മുടങ്ങിക്കിടക്കുന്നതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയാണ് മരണകാരണം എന്ന തരത്തില്‍ പ്രചരണങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി പഞ്ചായത്ത് പ്രസിഡന്റ് രംഗത്തെത്തിയത്. പെന്‍ഷന്‍ ലഭിക്കാത്തതുകൊണ്ട് ജോസഫ് ആത്മഹത്യ ചെയ്‌തെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും ഇത്തരമൊരു സംഭവത്തെ സര്‍ക്കാറിന് എതിരെ തിരച്ചുവിടാനുള്ള മാധ്യമങ്ങളുടെ നീക്കം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ഭിന്നശേഷക്കാരനെന്ന നിലയില്‍ അദ്ദേഹത്തെ എങ്ങനെയൊക്കെ ചേര്‍ത്ത് പിടിക്കാന്‍ സാധിക്കുമോ അങ്ങനെയൊക്കെ പഞ്ചായത്ത് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതികരണത്തിലേക്ക്

ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തില്‍ മുതുകാട് പ്രദേശത്തുള്ള വളയത്ത് ജോസഫ് എന്നു പറയുന്ന എഴുപത്തിയേഴ് വയസുള്ള ഭിന്നശേഷിക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവം ഏറെ ദൗര്‍ഭാഗ്യകരമാണ്. ഏതു മനുഷ്യന്റെയും മരണം അത് നമുക്ക് നികത്താന്‍ കഴിയാത്ത് വിടവാണ്. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. പക്ഷേ ഒരു മരണം ഒരു ഗവണ്‍മെന്റിനെ വേട്ടയാടാനുള്ള ആയുധമാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിലെ വസ്തുത അവരോട് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല.

ഇദ്ദേഹം കഴിഞ്ഞ നവംബര്‍ ഒമ്പതാം തീയതി പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ അദ്ദേഹം പറയുന്നത് ഞാനും എന്റെ മകളും പെന്‍ഷന്‍ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ് അതുകൊണ്ട് പെന്‍ഷന്‍ കിട്ടിയില്ലെങ്കില്‍ ഞങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റില്ല. ഞങ്ങള്‍ക്ക് മരിക്കേണ്ടി വരുും. ഇദ്ദേഹം ഈ പരാതി തന്ന് പിറ്റേ ദിവസം പത്താം തീയതി പരാതിയുടെ കോപ്പി പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഞാന്‍ അയച്ചിരിന്നു. ഒപ്പം ഞാന്‍ തന്നെ ആദ്ദേഹത്തെ നേരിട്ട് കണ്ട് സംസാരിക്കുകയും ചെയ്തിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞ ഒരു കാര്യം അദ്ദേഹത്തിന് തൊഴിലുറപ്പ് പണിയുണ്ട്, പക്ഷേ വേറൊരു വീട്ടില്‍ പോയി പണിയെടുക്കാന്‍ ബുദ്ധിമുട്ട് ഉണ്ട് എന്നാണ്. കാരണം അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുണ്ട്. അങ്ങനെ അദ്ദേഹത്തിന്റെ അര ഏക്കര്‍ ഭൂമിയില്‍ തന്നെ പണിയെടുക്കാന്‍ സംവിധാനമുണ്ടാക്കി. ഈ വര്‍ഷം ജനുവരി മാസം 15വരെ 99 പണി അദ്ദേഹം എടുത്തിട്ടുണ്ട്. പെന്‍ഷന്‍ കിട്ടിയിട്ടില്ലെങ്കില്‍ എനിക്ക് ജീവിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞതിന് ശേഷം രണ്ട് മാസം അദ്ദേഹം നിരന്തരമായി അദ്ദേഹം തൊഴിലുറപ്പില്‍ അദ്ദേഹത്തിന്റെ പറമ്പില്‍ തന്നെ പണിയെടുത്തിട്ടുണ്ട്. എതാണ്ട് 8000രൂപ കൂലിയും അദ്ദേഹത്തിന് കിട്ടിയിട്ടുണ്ട്.

അദ്ദേഹത്തെ പഞ്ചായത്ത് അതിദരിദ്രരുടെ പട്ടികയില്‍പെടുത്തിയാളാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കും. പിന്നെ അദ്ദേഹം വാങ്ങുന്ന പെന്‍ഷന്‍ അദ്ദേഹത്തിന്റെ മാത്രമല്ല. അദ്ദേഹം അവസാനമായി പെന്‍ഷന്‍ വാങ്ങയിത് ആഗസ്ത് മാസത്തിലാണ്. അദ്ദേഹത്തിന്റെ മകള്‍ ജിന്‍സി എന്നു പറയുന്ന ഭിന്നശേഷിക്കാരിയായ കുട്ടിയുടെ പെന്‍ഷന്‍ കൂടി അദ്ദേഹമാണ് വാങ്ങുന്നത്. ജിന്‍സി അദ്ദേഹത്തിന്റെ ഭാര്യ മരണപ്പെട്ടതിന് ശേഷം കഴിഞ്ഞ നാല് മാസമായി ഒരു ക്രൈസ്തവ മഠത്തില്‍ താമസിക്കുകയാണ്. അദ്ദേഹത്തിന്റെ കൂടെയില്ല. അവരുടെ കൂടെ പെന്‍ഷന്‍ കഴിഞ്ഞ ആഗസ്ത് മാസം വരെ അദ്ദേഹമാണ് വാങ്ങിയത്. അതായത് 1600 ആണ് പെന്‍ഷന്‍ എങ്കില്‍ 3600 രൂപ അദ്ദേഹം നാല് മാസം കൊണ്ട് കൈപറ്റിയിട്ടുണ്ട്. നാല് മാസത്തെ പെന്‍ഷന്‍ മാത്രമാണ് കിട്ടാന്‍ ബാക്കിയുള്ളത്. സാധാരണ ഒരാളെ സംബന്ധിച്ച് പറഞ്ഞാല്‍ നാല് മാസത്തെ പെന്‍ഷന്‍ കിട്ടിക്കഴിഞ്ഞു. അതായത് മകളുടെ പെന്‍ഷന്‍ അദ്ദേഹം വാങ്ങിക്കഴിഞ്ഞു. മകളുടെ പെന്‍ഷനും അയാളാണ് വിനിയോഗിക്കുന്നത്.

ഇനി പഞ്ചായത്തിനെ സംബന്ധിച്ച് പറയുമ്പോള്‍ അദ്ദേഹം നമ്മുടെ പഞ്ചായത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയ ഒരു കാര്യം അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഒരു വാഹനം പോവില്ല. ഞങ്ങള്‍ അക്കാര്യം പരിശോധിച്ചിരുന്നു. അദ്ദേഹത്തിന്റെ വീട്ടിലേക്ക് മാത്രമായി ഞങ്ങള്‍ അഞ്ച് ലക്ഷം രൂപ മുടക്കി ഒരു ഭിന്നശേഷിക്കാരനെന്ന നിലയില്‍ പരിഗണനയില്‍ ഒരു റോഡ് നിര്‍മ്മിച്ചു കൊടുത്തു. കൂടാതെ അതിദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതുകൊണ്ട് അദ്ദേഹത്തിന് വീടും പാസായിട്ടുണ്ട്.

ഇങ്ങനെ ഒരു മനുഷ്യനെ, പ്രത്യേകിച്ച് ഭിന്നശേഷിക്കാരനായി ആളെ എങ്ങനെയൊക്കെ ചേര്‍ത്ത്പിടിക്കാന്‍ കഴിയുമോ അങ്ങനെ ചേര്‍ത്ത്പിടിച്ച് അദ്ദേഹത്തിന്റെ ആഗ്രഹപ്രാകരമുള്ള എല്ലാ കാര്യങ്ങളും പഞ്ചായത്ത് സാക്ഷാത്കരിച്ചതാണ്. അതുകൊണ്ട് ഈ നാല് മാസത്തെ പെന്‍ഷന്‍ ലഭ്യമാകാത്തതാണ് അദ്ദേഹത്തിന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല, അദ്ദേഹത്തിന്റെ കത്തിനെ ആസ്പദമാക്കിയയാണെങ്കില്‍. അദ്ദേഹം ഇതിന് മുന്‍പും കത്തുകള്‍ ഒരുപാട് കൊടുത്തിട്ടുണ്ട്. അദ്ദേഹം 2017ല്‍ കോഴിക്കോട് കലക്ടറേറ്റില്‍ കന്നാസില്‍ മണ്ണെണ്ണയുമായി പോയി ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ട്. അന്ന് അദ്ദേഹത്തിന്റെ അവകാശവാദം എന്തെന്നാല്‍ അദ്ദേഹത്തിന്റെ സ്ഥലത്തിന് രേഖയില്ല. എന്നിട്ട് അന്ന് കലക്ടര്‍ രേഖകള്‍ നല്‍കാന്‍ ഉത്തരവിട്ടു. അതുകൊണ്ട് അദ്ദേഹം നിരന്തരമായി പത്രങ്ങളിലൂടെയും മറ്റും നിരന്തരം ആത്മഹത്യ പ്രഖ്യാപനമൊക്കെ നടത്തിയിട്ടുണ്ട്. എന്നാലും അദ്ദേഹം മരണപ്പെട്ടത് ദൗര്‍ഭാഗ്യകരമാണ്.

എന്നാല്‍ ഇക്കാര്യത്തില്‍ ഗവണ്‍മെന്റിനെ പ്രതി പട്ടികയില്‍ ചേര്‍ക്കുക, പഞ്ചായത്തിനെ പ്രതി പട്ടികയില്‍ ചേര്‍ക്കുക എന്നത് സാധ്യമായ കാര്യമല്ല. നിങ്ങള്‍ക്ക് എല്ലാ രേഖകളും പരിശോധിക്കാം. അദ്ദേഹം അവസാനം വാങ്ങിയ പെന്‍ഷന്‍ എത്രയാണെന്ന് പരിശോധിക്കാം. അദ്ദേഹം തൊഴിലുറപ്പ് പദ്ധതിയില്‍ എത്ര കൂലി വാങ്ങുന്നുണ്ടെന്ന് പരിശോധിക്കാം. അദ്ദേഹത്തിന്റെ വീടിനടുത്ത് പോയാല്‍ അദ്ദേഹത്തിന്റെ ജീവിത കാര്യങ്ങളെക്കുറിച്ച് മനസിലാക്കാന്‍ പറ്റും. മരണത്തെ ആഘോഷിക്കാനുള്ള ശ്രമത്തെ അംഗീകരിക്കാന്‍ സാധിക്കില്ല. പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. പെന്‍ഷന്‍ കൊടക്കുന്നത് സര്‍ക്കാരാണ്. സംസ്ഥാനത്തെ 64ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്നത് സര്‍ക്കാരാണ്. അത്രയും പേര്‍ക്ക് നാല് മാസത്തെ പെന്‍ഷന്‍ കിട്ടാന്‍ ബാക്കിയുണ്ട്. അദ്ദേഹത്തിന് പെന്‍ഷന്‍ കിട്ടാത്തതുകൊണ്ട് ജീവിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അദ്ദേഹത്തെ സഹായിക്കാനാണ് ഞങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയത്.

ഇതൊന്നും ഒരു ന്യായികരണല്ല. എന്നാലും ഇത്തരമൊരു സംഭവത്തെ ഗവണ്‍മെന്റിന് എതിരെ തിരച്ചുവിടാനുള്ള മാധ്യമങ്ങളുടെ നീക്കം ശരിയല്ല എന്നാണ് പറയാനുള്ളത്. അദ്ദേഹം മരണപ്പെട്ട ശേഷം ഞാന്‍ അവിടെ പോയിരുന്നു. അവിടുത്തെ ശവ സംസ്‌ക്കാരവുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളിലും ഇടപെട്ട് വേണ്ട സഹായങ്ങള്‍ ചെയ്തിട്ടുണ്ട്.

ഇന്ന് ഉച്ചയോടെയാണ് എഴുപത്തിയേഴ്കാരനായ ജോസഫിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.