പെരിങ്ങാടി പോസ്റ്റ് ഓഫീസ് റോഡില്‍ വാഹനങ്ങള്‍ക്ക് ഭീഷണിയായി ബോട്ടില്‍ ബൂത്ത്; പഞ്ചായത്ത് അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യം


ന്യൂമാഹി : ന്യൂ മാഹി പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍, പെരിങ്ങാടി പോസ്റ്റ് ഓഫീസ് ഒളവിലം റോഡില്‍ ബോട്ടില്‍ ബൂത്ത് റോഡിലേക്ക് തളളി നില്‍ക്കുന്നത് കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയാകുന്നു. മദ്രസ്സത്തുല്‍ ഖാദിരിയ്യയുടെ മുന്‍ വശത്തുള്ള ബോട്ടില്‍ ബൂത്താണ് റോഡിലേക്ക് തള്ളിനില്‍ക്കുന്നത്.

ബൂത്തിന്റെ പിന്‍ വശം ഡ്രൈനേജിന്റെ മുകളില്‍ ഉള്ള സ്ലേബിലും മുന്‍ വശം റോഡിലെ രണ്ട് വലിയ കല്ലിലുമാണ് വെച്ചിട്ടുള്ളത്. ബൂത്തിന് വെളിയിലും മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന അവസ്ഥയിലാണ്.

ബോട്ടില്‍ ബൂത്തിന് തട്ടി പല വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം എം എം എഡുക്കേഷനല്‍ സൊസൈറ്റി കീഴിലുള്ള എം എം ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ വാന്‍ ബൂത്തിന്റെ റൂഫില്‍ കുടുങ്ങി കേടുപാടുകള്‍ സംഭവിച്ചിരുന്നു. പല തവണ മെമ്പറുടേയും പഞ്ചായത്ത് അധികൃതരുടെയും ശ്രദ്ധയില്‍ പെടുത്തിയിരുന്നു. അടിയന്തിരമായി ഈ ബോട്ടില്‍ ബൂത്ത് അവിടെ നിന്ന് മാറ്റി സ്ഥാപിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.