വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് പയ്യോളിയില്‍ ലഹരിമാഫിയ; അധികൃതരുടെ നിസംഗതയില്‍ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം നാട്ടുകാരുടെ പന്തംകൊളുത്തി പ്രകടനം


പയ്യോളി: വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് പയ്യോളി നഗരത്തിലും പരിസരപ്രദേശങ്ങളിലും ലഹരിമാഫിയ പിടിമുറുക്കുന്നു. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ നഗരത്തില്‍ ലഹരിവില്‍പ്പന പൊടിപൊടിക്കുകയാണ്.

ദേശീയപാതയ്ക്ക് സമീപത്ത് നിന്ന് കാറില്‍ വിതരണം നടത്താനുള്ള ശ്രമത്തിനിടെ 42 ഗ്രാം കഞ്ചാവുമായി രണ്ടുയുവാക്കള്‍ പിടിയിലായത് ബുധനാഴ്ച ഉച്ചയ്ക്കാണ്. പയ്യോളി നഗരത്തിലെ ബേക്കറി ഉടമയെയും ചേളന്നൂര്‍ സ്വദേശിയെയും കാറില്‍ മയക്കുമരുന്നു കടത്തവെ ഡിസംബര്‍ 18ന് കോഴിക്കോട് നഗരത്തില്‍വെച്ച് പിടികൂടിയിരുന്നു. 820 മില്ലിഗ്രാം എം.ഡി.എം.എ ആണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.

പയ്യോളി സ്റ്റാന്റിന് പിന്‍വശത്തെ പണി പൂര്‍ത്തിയാകാത്ത ഒഴിഞ്ഞ കെട്ടിടവും ബീച്ച് റോഡിലെയും മത്സ്യമാര്‍ക്കറ്റ് പരിസരത്തെയും കെട്ടിടങ്ങളുമാണ് ലഹരി വില്‍പ്പനക്കാരുടെ പ്രധാന കേന്ദ്രങ്ങള്‍. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മുതല്‍ സാധാരണ സ്‌കൂള്‍ വിദ്യാര്‍ഥികള്‍വരെ ഇവരുടെ കെണിയില്‍പ്പെടുന്നുണ്ട് എന്നാണ് വിവരം.

ലഹരിമാഫിയ ഇത്രത്തോളം വ്യാപകമാണെന്നെരിക്കെ പരിശോധനകളോ നടപടിയെടിയോ ശക്തമാക്കാത്ത പൊലീസിനും എക്‌സൈസ് വിഭാഗത്തിനും എതിരെ ജനരോഷം ശക്തമാണ്. ഇതിന്റെ ഭാഗമായി നാട്ടുകാരുടെ നേതൃത്വത്തില്‍ പയ്യോളിയില്‍ ജനകീയ സമിതി രൂപീകരിച്ച് പ്രക്ഷോഭ പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം ടൗണില്‍ നടക്കുന്ന പന്തംകൊളുത്തി പ്രകടനത്തോടെ പ്രക്ഷോഭത്തിന് തുടക്കമാകും.