ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ(15/01/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

തിരുവമ്പാടി  ഗവ. ഐ ടി ഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ രണ്ട് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുകള്‍ ഉണ്ട്. യോഗ്യത : സിവില്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പരിചയവും അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പരിചയവും അല്ലെങ്കില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡിലുള്ള എന്‍ടിസി / എന്‍എസി യും മൂന്ന് വര്‍ഷത്തെ തൊഴില്‍ പരിചയവും.  ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പകളും സഹിതം തിരുവമ്പാടി  ഗവ. ഐടിഐയില്‍ ജനുവരി 18ന് രാവിലെ 10.30 ന് കൂടിക്കാഴ്ചക്ക് ഹാജരാവണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് : 0495 2254070.

ഗതാഗതം നിരോധിച്ചു

പൊറ്റമ്മല്‍- പാലാഴി- പുത്തൂര്‍മഠം റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ജനുവരി 16)  മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു.
പൂത്തൂര്‍മഠത്തു നിന്നു വരുന്ന വാഹനങ്ങള്‍ – മുണ്ടുപാലത്തില്‍ നിന്നും തിരിഞ്ഞ് കുറ്റിക്കാട്ടൂര്‍ വഴിയും പാലാഴി നിന്നും വരുന്ന വാഹനങ്ങള്‍ അത്താണിയില്‍ നിന്നും തിരിഞ്ഞ് പന്തീരാങ്കാവ് ബൈപ്പാസ് വഴിയും  പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ ഡയറക്ടര്‍ നിയമനം

പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍  ഡയറക്ടര്‍ തസ്തികയില്‍ നിയമനം നടത്തുന്നു.  മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍, എം.ബി.ബി.എസും മെഡിക്കല്‍ പി.ജിയുമുള്ള 15 വര്‍ഷത്തില്‍ കുറയാത്ത മെഡിക്കല്‍ കോളേജ് അധ്യാപന പരിചയമുള്ളവര്‍, ഗവണ്‍മെന്റ് സര്‍വീസില്‍ കുറഞ്ഞത് 15 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളതും എം.ബി.ബി.എസ് ഡിഗ്രിയുള്ളതുമായ മാനേജ്‌മെന്റ് വിദഗ്ധര്‍ എന്നിവരില്‍ നിന്ന് അന്യത്ര സേവന വ്യവസ്ഥയിലോ കരാര്‍ വ്യവസ്ഥയിലോ അപേക്ഷകള്‍ ക്ഷണിച്ചു.  നിശ്ചിത യോഗ്യതയുള്ളവര്‍ സെക്രട്ടറി, പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695001 എന്ന വിലാസത്തില്‍ ജനുവരി 25ന് വൈകിട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം.  കൂടുതല്‍ വിവരങ്ങള്‍ www.gmcpalakkad.in ല്‍ ലഭിക്കും.

വിവിധ തസ്തികകളില്‍ പിഎസ്സി വിജ്ഞാപനം

സംസ്ഥാന പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വിവിധ തസതികളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപനം 15.12.2021 ഡിസംബര്‍ 15ലെ അസാധാരണ ഗസറ്റിലും പി.എസ്.സി ബുളളറ്റിനിലും കമ്മിഷന്റെ www.keralapsc.gov.in വെബ്‌സൈറ്റിലും ലഭിക്കും.


തൊഴില്‍ തര്‍ക്കം- ക്യാമ്പ് സിറ്റിംഗ്് 22 ന്

കോഴിക്കോട് ലേബര്‍ കോടതി പ്രിസൈഡിംഗ് ഓഫീസര്‍ ജില്ലാ ജഡ്ജ് വി.എസ്.വിദ്യാധരന്‍ ജനുവരി 22ന് പാലക്കാട് ആര്‍.ഡി.ഒ കോടതി ഹാളില്‍ ക്യാമ്പ് സിറ്റിംഗ്് നടത്തും.   തൊഴില്‍ തര്‍ക്ക സംബന്ധമായ  എല്ലാ കേസുകളും സിറ്റിങ്ങില്‍ വിചാരണ ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.

 

തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്‍ സിറ്റിങ്ങ് 19ന്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്‍ ജനുവരി 19 ന് കൊടുവളളി ബ്ലോക്ക് പഞ്ചായത്തില്‍ രാവിലെ 11 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ സിറ്റിങ്ങ് നടത്തും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ നേരിട്ട് സ്വീകരിക്കുമെന്ന്  ഓംബുഡ്സ്മാന്‍ അറിയിച്ചു.

കോരപ്പുഴ ഗവ.ഫിഷറീസ് യു.പി.സ്‌കൂള്‍ കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു

കോരപ്പുഴ ഗവ.ഫിഷറീസ് യു.പി.സ്‌കൂളില്‍ കിഫ്ബി ധനസഹായത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടം ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു.  സംസ്ഥാനത്തെ തീരദേശ ജില്ലകളിലെ തിരഞ്ഞെടുത്ത 57 വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 66 കോടി രൂപ അനുവദിച്ച് നിര്‍മാണാനുമതി ലഭിച്ചവയില്‍ ഉള്‍പ്പെടുന്നതാണ് കോരപ്പുഴ സ്‌കൂള്‍.   67.47 ലക്ഷം രൂപ അടങ്കല്‍ തുകയില്‍ 257.07 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

കാനത്തില്‍ ജമീല എംഎല്‍എ അധ്യക്ഷത വഹിച്ചു.  പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, മെമ്പര്‍ സന്ധ്യ ഷിബു, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.കെ.രഞ്ജിനി, പിടിഎ പ്രസിഡന്റ് എ.ബാലകൃഷ്ണന്‍, ഹെഡ് മാസ്റ്റര്‍ കെ.ടി.കെ ബാബു, തീരദേശ വികസന കോര്‍പ്പറേഷന്‍ എംഡി പി.ഐ.ഷെയ്ക്ക് പരീത് തുടങ്ങിയവര്‍ പങ്കെടുത്തു.