ജില്ലയില്‍ ദേശീയപാതാ വികസനം ദ്രുതഗതിയില്‍; രണ്ട് വര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് കളക്ടര്‍


കോഴിക്കോട്: ജില്ലയില്‍ ദേശീയപാതവികസനം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. രണ്ട് വര്‍ഷത്തിനകം ജില്ലയില്‍ ആറുവരി പാതയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാവുമെന്ന് ജില്ലാ കളക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി പറഞ്ഞു.

ഭൂമി വിട്ടുനല്‍കിയ 90%ത്തിലധികം പേര്‍ക്കും നഷ്ടപരിഹാരത്തുക കൈമാറിയിട്ടുണ്ട്. പദ്ധതിയ്‌ക്കെതിരെ സമരത്തിന് ഇറങ്ങിയവരും നഷ്ടപരിഹാരത്തുകയില്‍ തൃപ്തരാണ്. അഴിയൂര്‍ വെങ്ങളം റീച്ചിനായുള്ള ഭൂമിയേറ്റെടുക്കലും പൂര്‍ത്തീകരിച്ചതോടെ നിര്‍മ്മാണ പ്രവൃത്തികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.

വൈകിയെങ്കിലും രാമനാട്ടുകര വെങ്ങളം ദേശീയപാത ബൈപ്പാസ് നിര്‍മ്മാണവും കരാര്‍ കമ്പനി ആരംഭിച്ചു. നന്ദി ചെങ്ങോട്ട്കാവ് ബൈപ്പാസിന്റെയും നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.
മേല്‍പ്പാലങ്ങളുടെ പ്രാഥമിക പ്രവൃത്തികള്‍ തുടങ്ങി.

108.41 ഹെക്ടര്‍ സ്വകാര്യഭൂമിയാണ് ദേശീയപാത വികസനത്തിനായി ജില്ലയില്‍ ഏറ്റെടുത്തത്. നഷ്ടപരിഹാരമായി ഇതിനകം 1478 കോടിയില്‍പ്പരം രൂപ കൈമാറി.

കാസര്‍കോട് ജില്ലയിലെ തലപ്പാടി മുതല്‍ തിരുവനന്തപുരം ജില്ലയിലെ കാരോട് വരെ ഏകദേശം 600 കിലോമീറ്റര്‍ റോഡാണ് ആറുവരിപ്പാതയാക്കുന്നത്. ഇതില്‍ കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ മുതല്‍ വെങ്ങളം വരെയുള്ള 40.80 കിലോമീറ്ററാണ് ദൈര്‍ഘ്യമേറിയ റീച്ച്.