പ്രതിഷേധങ്ങള്‍ ഫലം കണ്ടു: വടകര പുതിയാപ്പ് ട്രെഞ്ചിങ് ഗ്രൗണ്ട് ബയോ മൈനിങ് നടത്തി ഭൂമി വീണ്ടെടുക്കാനുള്ള നടപടിയുമായി നഗരസഭ


വടകര: പുതിയാപ്പ് ട്രെഞ്ചിംഗ് ഗ്രൗണ്ട് ബയോ മൈനിങ് നടത്തി ഭൂമി വീണ്ടെടുക്കാനുള്ള നടപടിയുമായി വടകര നഗരസഭ. പദ്ധതിയുടെ ഭാഗമായി പ്രവൃത്തി നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.സജീവ് കുമാർ അധ്യക്ഷത വഹിച്ചു.

1960 കാലം മുതൽ വടകരയുടെ എല്ലാതരത്തിലും ഉള്ള മാലിന്യങ്ങൾ കൊണ്ട് തള്ളിയിരുന്നത് പുതിയാപ്പിലെ ട്രെഞ്ചിംഗ് ഗ്രൗണ്ടിലായിരുന്നു. തുടര്‍ന്ന്‌ മാലിന്യത്തിന്റെ അളവും കൂടി വരികയും പ്രദേശത്തെ ജനജീവിതം ദുസഹമാവുകയും ചെയ്തു. പിന്നാലെ ഇതിനെതിരെ പ്രതിഷേധങ്ങളും സമരങ്ങളും സംഘടിപ്പിച്ചിരുന്നു.

ഗ്രൗണ്ടിന്റ 200മീറ്റർ പരിധി ഹസാഡസ് സോണായി മാസ്റ്റർ പ്ലാനിൽ വിഭാവനം ചെയ്യുകയും അതിന്റെ ഫലമായി പാരമ്പര്യമായി ഈ പ്രദേശത്തുകാർക്ക് അനുവദിച്ച സ്ഥലത്ത് ഒന്നിനും ഒരു പെർമിഷൻ കിട്ടാത്ത സാഹചര്യം ആയിരുന്നു. എല്ലാ ഭരണസമിതികളും ഇതിനൊരു മാറ്റം ഉണ്ടാക്കാൻ പലവിധ ശ്രമങ്ങളും നടത്തിയിരുന്നു. തുടര്‍ന്ന്‌ അവിടെ എത്തിക്കുന്ന മാലിന്യത്തിന്റെ അളവ് പരമാവധി കുറയ്ക്കാനുള്ള ഇടപെടലുകൾ നടത്തുകയും 2023 ഓടുകൂടി യാതൊരുവിധ മാലിന്യങ്ങളും അവിടെ എത്തിക്കാതിരിക്കുകയും ചെയ്തു.

അവനവന്റെ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കാനുള്ള ഉറവിട മാലിന്യ സംസ്കരണ ഉപാധികൾ സബ്സിഡി നിരക്കിൽ നൽകിക്കൊണ്ടും അജൈവ മാലിന്യങ്ങൾ ശേഖരിക്കാൻ ഹരിത കർമ്മ സേനയുടെ പ്രവർത്തനം ഊർജ്ജതമാക്കിയതോടെയാണ്‌ പുതിയാപ്പ പ്രദേശത്തെ ദുർഗന്ധപൂർണമായ അവസ്ഥയ്ക്ക് മാറ്റം വന്നത്‌.

എസ് എം എസ് നാഗ്പൂർ ഏജൻസിയാണ് ബയോ മൈനിങ് സംവിധാനത്തിലൂടെ ഭൂമി വീണ്ടെടുക്കൽ പ്രവൃത്തിയുടെ സർക്കാരിൽ എഗ്രിമെന്റ് വെച്ചത്. മൂന്നുമാസം കൊണ്ട് പ്രവർത്തി പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് കെ എസ് ഡബ്ലിയു എം പി നഗരസഭയെ അറിയിച്ചിരിക്കുന്നത്‌.

ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ.പി പ്രജിത സ്വാഗതം പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി കെ കുഞ്ഞിരാമൻ, ഇ.ടി.കെ രാഘവൻ, കൊയിലോത്ത് ബാബു മാസ്റ്റർ, സി കുമാരൻ, രാധാകൃഷ്ണൻ മാസ്റ്റർ, കെ പ്രകാശൻ, സി വി പ്രതീശൻ, എം പി അബ്ദുള്ള, പി കെ ശശി, മുൻ ചെയർമാൻ കെ ശ്രീധരൻ എന്നിവർ ആശംസകള്‍ പറഞ്ഞു. കെ എസ് ഡബ്ലിയു എം പി കോഡിനേറ്റർ കെ വിഗ്നേഷ്, ബിപിൻ എന്നിവർ പദ്ധതി വിശദീകരണം നടത്തി. ക്ലീൻ സിറ്റി മാനേജർ രമേശൻ നന്ദി പറഞ്ഞു.