പ്ലാസ്റ്റിക് കത്തിച്ചു, മാലിന്യം പാതയോരത്ത് തള്ളി; രണ്ടുസ്ഥാപനങ്ങള്‍ക്ക് പിഴയിട്ട് നാദാപുരം പഞ്ചായത്ത്


നാദാപുരം: ശരിയായ രീതിയിലല്ലാതെ പ്ലാസ്റ്റിക്ക് സംസ്‌കരണം നാദാപുരത്ത് രണ്ട് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. പ്ലാസ്റ്റിക് മാലിന്യം കത്തിച്ച നാദാപുരത്തെ ബിസ്മി ടെക്സ്‌റ്റൈല്‍സിനും മാലിന്യം ചാക്കുകെട്ടിലാക്കി സംസ്ഥാനപാതയോരത്ത് വലിച്ചെറിഞ്ഞ കസ്തൂരിക്കുളത്തെ ഹോട്ടല്‍ ഫുഡ്പാര്‍ക്കിനുമാണ് ഗ്രാമപ്പഞ്ചായത്ത് 10,000 രൂപ വീതം പിഴയിട്ടത്.

നാദാപുരം ബസ്സ്റ്റാന്‍ഡിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ബിസ്മി ടെക്സ്‌റ്റൈല്‍സ് നടത്തിപ്പുകാര്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുളള മാലിന്യം സ്ഥാപനത്തിന്റെ പിറകുവശത്തുള്ള ഗ്രൗണ്ടിന് സമീപംവെച്ച് കത്തിച്ചു. ഇതിന്റെ ഫോട്ടോയും വീഡിയോയും ഉള്‍പ്പെടെയാണ് പരാതി ലഭിച്ചത്. കസ്തൂരിക്കുളത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ഫുഡ്പാര്‍ക്ക് സ്ഥാപനത്തിലെ പത്തിലധികം ചാക്ക് മാലിന്യം സംസ്ഥാനപാതയോരത്ത് വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടിയെടുത്തത്.

ഏഴുദിവസത്തിനകം പിഴയടച്ചില്ലെങ്കില്‍ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നരീതിയില്‍ റോഡരികിലും ഫുട്പാത്തിലും വെച്ച് ഇരുചക്രവാഹന അറ്റകുറ്റപ്പണി നടത്തുന്ന രണ്ടുസ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. വിഷയം പരിഹരിച്ചില്ലെങ്കില്‍ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദുചെയ്യാനാണ് തീരുമാനം. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന രണ്ടുസ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കി. ഫുട്പാത്തില്‍ വില്‍പ്പനസാമഗ്രികള്‍ വെച്ച മൂന്ന് ഫ്രൂട്ട് സ്റ്റാളുകള്‍ക്കും നോട്ടീസ് നല്‍കി.

ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് ടി. പ്രേമാനന്ദന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. സതീഷ്ബാബു എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.