തൊട്ടിൽപ്പാലത്തും കുറ്റ്യാടിയിലും നിയന്ത്രണങ്ങൾ; കലാശക്കൊട്ട് ഒഴിവാക്കും


കുറ്റ്യാടി: തൊട്ടിൽപ്പാലം, കുറ്റ്യാടി പോലീസ് സ്റ്റേഷൻ പരിധികളിൽ കലാശക്കൊട്ട് പൂർണമായും ഒഴിവാക്കുന്നതിന് പോലീസ്, വിവിധ മുന്നണിനേതാക്കളുടെ യോഗത്തിൽ തീരുമാനിച്ചു. കൊട്ടിക്കലാശം പൂർണമായും ഒഴിവാക്കുന്നതിനും ഒരു കേന്ദ്രത്തിൽ ഒരുസമയം ഒരുമുന്നണിയുടെ പ്രചാരണവാഹനം മാത്രമെത്തുന്ന രീതിയിൽ ക്രമീകരിക്കാനും തീരുമാനിച്ചു.

അനുമതിയില്ലാത്ത വാഹനങ്ങളിൽ കൊടിതോരണങ്ങളുമായി പ്രചാരണം നടത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കും. ബൂത്തിന് 100 മീറ്റർ ചുറ്റളവിലുള്ള പ്രചാരണസാമഗ്രികൾ രാഷ്ട്രീയപ്പാർട്ടികൾ നേരത്തേ തന്നെ സ്വമേധയാ നീക്കം ചെയ്യണം കുറ്റ്യാടിയിൽ വോട്ടെണ്ണൽ ദിവസം പടക്കം പൊട്ടിക്കാനോ കരിമരുന്നുപ്രയോഗം നടത്താനോ എതിർപാർട്ടിക്കാരുടെ വീടിനുമുന്നിൽ പ്രകോപനം സൃഷ്ടിക്കാനോ പാടില്ല.

രാഷ്ട്രീയപ്പാർട്ടിക്കാർ വോട്ടർമാരെ വാഹനത്തിൽ പോളിങ് സ്റ്റേഷനിൽ കൊണ്ടുവരുന്നത് തടയുകയും അപ്രകാരം കണ്ടാൽ വാഹനം പിടിച്ചെടുക്കുകയും ചെയ്യുമെന്ന് ഇൻസ്പെക്ടർ യു.പി. വിനു പറഞ്ഞു.

എസ്.എച്ച്.ഒ. ടി.എസ്. ബിനു വിശദീകരണം നടത്തി. വിവിധ രാഷ്ട്രീയപ്പാർട്ടികളെ പ്രതിനിധാനംചെയ്തുകൊണ്ട് 23 പേർ പങ്കെടുത്തു.