ഒമാനില്‍ ജോലിക്കിടെ അപകടത്തില്‍പ്പെട്ട് മരണപ്പെട്ട അരൂര്‍ സ്വദേശി ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു; അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിച്ചേര്‍ന്നത് നിരവധി പേര്‍


അരൂര്‍: ഒമാനില്‍ അപകടത്തില്‍ മരിച്ച അരൂരിലെ ഈരായീന്റെ വിട ബാബു (54) വിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. ചൊവ്വാഴ്ചയാണ് ബാബു ഒമാനില്‍വെച്ച് ജോലിക്കിടെ അപകടത്തില്‍ മരിച്ചത്. ഇന്ന് രാവിലെ കരിപ്പൂര്‍ വിമാനത്താവളം വഴി നാട്ടിലേക്കെത്തിച്ച മൃതദേഹം അരൂരിലെ വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്‌കരിക്കുകയായിരുന്നു.

ബി.ജെ.പി പുറമേരി പഞ്ചായത്ത് മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന ബാബുവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ജനപ്രതിനിധികള്‍, വിവിധ പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെ വന്‍ ജനാവലി വീട്ടിലെത്തിയിരുന്നു. ഒന്നര വര്‍ഷം മുമ്പ് വിദേശത്ത് പോയ ബാബു ആറ് മാസം കഴിഞ്ഞ് നാട്ടില്‍ വരാനിരിക്കെയാണ് അപകടം.

നാട്ടില്‍ പെയിന്ററായായിരുന്നു ബാബു ജോലിചെയ്തിരുന്നത്. ഭാര്യ: സുമതി. മക്കള്‍: സ്‌നേര ബാബു, സനോ രബാബു. സഹോദരങ്ങള്‍: വിജയന്‍, ദേവി, കമല, പരേതനായ ബാലന്‍.