‘പ്രധാന മന്ത്രിയെ വിമര്‍ശിച്ചാല്‍ കത്തി കയറ്റും’; കെ.വി.സജയ്ക്കെതിരായ സംഘപരിവാര്‍ വധഭീഷണി; വടകര സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു


പയ്യോളി: സംഘപരിവാര്‍ വധഭീഷണിക്കെതിരെ സാഹിത്യ നിരൂപകനും മടപ്പള്ളി ഗവ.കോളജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകനുമായ കെ.വി സജയ്. വടകര ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയില്‍ പയ്യോളി പോലീസ് കേസെടുത്തു. വടകര സ്വദേശിയായ ഡോ. ജയകൃഷ്ണനെതിരെ അനധികൃതമായി തടഞ്ഞുവെക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

കഴിഞ്ഞ ദിവസം വൈകീട്ട് ജനത ലൈബ്രറി മണിയൂര്‍ യു.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പി.ബി മണിയൂരിന്റെ തെരഞ്ഞെടുത്ത കൃതികളുടെ പ്രകാശനം നിര്‍വഹിച്ച ശേഷമായിരുന്നു പരാതിക്കാസ്പദമായ സംഭവം നടന്നത്. പ്രസംഗം കഴിഞ്ഞിറങ്ങിയ സജയിയെ കൈപിടിച്ച് തടഞ്ഞുവെച്ച ശേഷം പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്ന തരത്തില്‍ പ്രസംഗം നടത്തിയാല്‍ കത്തി കയറ്റുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

ചടങ്ങില്‍ നടത്തിയ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങളാണ് ഭീഷണിക്ക് അടിസ്ഥാനമായത്. മുന്‍പ്രധാനമന്ത്രി നെഹ്‌റു എഴുത്തുകാരനും അസാമാന്യ വായനക്കാരനുമായിരുന്നുവെന്നും ഇന്നത്തെ പ്രധാനമന്ത്രി എത്ര പുസ്തകം വായിച്ചു വെന്നതറിയില്ലെന്നും പരാമര്‍ശിച്ചിരുന്നു. രാമായണം മുഴുവനായി മോദി വായിച്ചതായി അറിയില്ലെന്നും പ്രസംഗത്തിലുണ്ടായിരുന്നു.

പ്രസംഗശേഷം വേദിയുടെ പരിസരത്ത് വെച്ച് ഇയാള്‍ കൈയില്‍ കടന്നുപിടിക്കുകയും കുത്തിക്കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായായിരുന്നു കെ.വി.സജയ് ഡിവൈഎസ്പിക്കു നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. സംഭവം നടന്നത് പയ്യോളി പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍പയ്യോളി പോലീസിന് പരാതി കൈമാറുകയായിരുന്നു.