ഡിജിറ്റല്‍ പേമെന്റ് തട്ടിപ്പുകളെ തടയാൻ യുപിഐ; രണ്ടായിരത്തിന് മുകളിലുള്ള ആദ്യ  ഇടപാടുകൾക്ക് ടൈം ലിമിറ്റ് കൊണ്ടുവരും


ഡിജിറ്റൽ പെയ്മെന്റ് എന്ന ആശയത്തെ ഇന്ത്യയിലുടനീളം വ്യാപകമാക്കിയത് യുപിഐ ആണ് . ഇതുപയോഗിക്കാത്തവരായി ആരുമുണ്ടാവില്ല എന്ന് തന്നെ പറയാം. ഇന്ന് ഗൂഗിൾ പേയും ഫോൺ പേയും ഉൾപ്പെടെ നിരവധി പെയ്മെന്റ് ആപ്പുകൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു.

ഉപയോക്താക്കൾക്കായി യുപിഐ ഇടക്കിടെ ഓരോരോ മാറ്റങ്ങൾ അവതരിപ്പിക്കാറുണ്ട്. ഇപ്പോൾ വീണ്ടും അത്തരത്തിലുള്ള മാറ്റവുമായി എത്തിയിരിക്കുകയാണ് യുപിഐ. പുതിയതായി വന്ന യുപിഐ ഫീച്ചര്‍ ഇടപാടുകളുടെ ടൈം ലിമിറ്റഡാണ്. ഇത് സര്‍ക്കാര്‍ നേരിട്ട് കൊണ്ടുവരുന്ന ഒരു മാറ്റമാണ്. രണ്ട് വ്യക്തികള്‍ തമ്മിലുള്ള ആദ്യ ഇടപാടുകള്‍ക്കാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുക. നാല് മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന ഒരു ട്രാന്‍സാക്ഷന്‍ വിന്‍ഡോയിലൂടെ മാത്രമേ ഈ പണം ഒരാളുടെ കൈവശമെത്തൂ എന്നതാണ് ഈ ഫീച്ചറിലൂടെ ഉദ്ദേശിക്കുന്നത്. ഡിജിറ്റല്‍ പേമെന്റ് തട്ടിപ്പുകളെ തടയാനാണ് ഇത്തരമൊരു ഫീച്ചർ അവതരിപ്പിക്കുന്നത്.

രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള പേമെന്റുകള്‍ക്കാണ് ഈ രീതി ബാധകമാവുക. ഈ വിന്‍ഡോ പ്രകാരം ഒരു യൂസര്‍ക്ക് താന്‍ നടത്തിയ പണമിടപാട് ആവശ്യമെങ്കിൽ പിന്‍വലിക്കാന്‍ സാധിക്കും. ഇതിലൂടെ അയച്ച പണം തിരിച്ച് നമ്മുടെ അക്കൗണ്ടില്‍ തന്നെയെത്തും. നമുക്ക് പണം നഷ്ടമാവില്ല. പണം അയച്ചത് തെറ്റായ വ്യക്തിക്കാണെങ്കൽ അത് മാറ്റി, ഈ തുക ഉദ്ദേശിക്കുന്ന വ്യക്തിക്ക് തന്നെ നല്‍കാനുള്ള ഓപ്ഷനും പുതിയ ഇടപാടിലുണ്ടാവും.

പുതിയൊരു കോണ്ടാക്ടിന് പണം അയക്കുമ്പോള്‍ ഇത്തരം അബദ്ധങ്ങൾ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടാണ് ഇങ്ങനെ ഒരു ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. നിങ്ങള്‍ പുതിയൊരു വ്യക്തിയുമായി ഇടപാട് നടത്തിയാല്‍ നാല് മണിക്കൂര്‍ കഴിയാതെ ഈ തുക ആ വ്യക്തിയുടെ അക്കൗണ്ടിലേക്ക് എത്തില്ലെന്നതാണ് ടൈം ലിമിറ്റ് കൊണ്ടുവരുന്നു എന്നതിലൂടെ അർത്ഥമാക്കുന്നത്.

ഈ നാല് മണിക്കൂറിനുള്ളിൽ നിങ്ങള്‍ക്ക് ഈ ഇടപാട് തെറ്റാണോ ശരിയാണോ എന്ന് പരിശോധിക്കാം. അതുപോലെ തട്ടിപ്പാണോ എന്നും നോക്കാം. അത്തരത്തില്‍ തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് മാറ്റാനും സാധിക്കും. അതിലൂടെ പണം നഷ്ടപ്പെടാനുള്ള സാധ്യതകൾ ഒഴിവാക്കാം. ഇടപാടുകള്‍ രണ്ടായിരം രൂപയ്ക്ക് മുകളിലാണെങ്കില്‍ മാത്രമേ ഈ ഓപ്ഷൻ പ്രവർത്തിക്കൂ . പൂര്‍ണമായും ഈ ഫീച്ചർ നടപ്പിലാക്കി തുടങ്ങിയിട്ടില്ല.