റേഷന്‍ കാര്‍ഡുകളുടെ ബയോമെട്രിക്ക് മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടത് മാര്‍ച്ച് 31നകം; പ്രതിസന്ധിയിലായി റേഷന്‍ വ്യാപാരികള്‍


കോഴിക്കോട്: മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട റേഷന്‍ കാര്‍ഡുകള്‍ ബയോമെട്രിക്ക് മസ്റ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തിയതോടെ വലഞ്ഞ് റേഷന്‍ വ്യാപാരികള്‍. മുന്‍ഗണനാ വിഭാഗമായ അന്ത്യോദയ അന്നയോജന (മഞ്ഞ കാര്‍ഡ്), ബിപിഎല്‍ (പിങ്ക് കാര്‍ഡ്) റേഷന്‍ കാര്‍ഡിലെ മുഴുവന്‍ അംഗങ്ങളുടേയും ആധാര്‍ മസ്റ്ററിംഗ് മാര്‍ച്ച് 31നു മുമ്പ് പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചതോടെയാണ് പ്രതിസന്ധിയായത്.

കാര്‍ഡുടമകള്‍ ജീവിച്ചിരിക്കുന്നുണ്ടെന്നും മുന്‍ഗണനയുള്ളവരാണെന്നും ഉറപ്പ് വരുത്തുകയാണ് മസ്റ്ററിംഗിന്റെ ലക്ഷ്യം. എന്നാല്‍ കനത്ത ചൂടും റംസാന്‍ മാസവും ഒപ്പം എസ്.എസ്.സ്എല്‍.സി പരീക്ഷയുമുള്‍പ്പെടെ ഒരുമിച്ച് എത്തുന്ന സമയത്ത് മസ്റ്ററിംഗ് സമയപരിധിക്കുള്ളില്‍ നടപ്പാക്കാന്‍ സാധിക്കില്ലെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ആധാര്‍ മസ്റ്ററിംഗ് ആരംഭിച്ചിരുന്നുവെങ്കിലും സംസ്ഥാനത്ത് ഫെബ്രുവരി അവസാന വാരത്തോടെയാണ് നടപടികളിലേക്ക് കടന്നിരിക്കുന്നത്. മാത്രമല്ല മസ്റ്ററിംഗിന് വേണ്ടി അധിക ജോലി ചെയ്യുന്ന വ്യാപാരികള്‍ക്ക് പ്രതിഫലം നല്‍കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

സംസ്ഥാനത്ത് മുന്‍ഗണന വിഭാഗ 3549592 കാര്‍ഡുകളും, 589367 മഞ്ഞ കാര്‍ഡുകളും ഉള്‍പ്പെടെ 15225295 അംഗങ്ങളുടെ ആധാര്‍ നമ്പറുകളാണ് മാര്‍ച്ച് മാസത്തോടെ മസ്റ്ററിംഗ് നടത്തേണ്ടത്.