വടകരയിലെ രാജന്‍റെ കൊലപാതകം: കൃത്യം നടത്തി പോകവെ പ്രതി അപകടത്തില്‍ പെട്ടു, വൈദ്യപരിശോധനക്ക് നിര്‍ദേശം, ഷഫീക് 17 വരെ റിമാന്‍ഡില്‍


വടകര: വനിതാ റോഡിലെ പലചരക്ക് വ്യാപാരി വലിയ പറമ്പത്ത് രാജനെ കടയ്ക്കുള്ളിൽ കൊലപ്പെടുത്തിയ കേസിൽ പ്രതി 17 വരെ റിമാൻഡിൽ. തൃശൂർ വാടാനപ്പള്ളി സ്വദേശി തൃത്തല്ലൂർ അമ്പലത്ത് വീട്ടിൽ എ.എസ്. മുഹമ്മദ് ഷെഫീക്കിനെ(22)വടകര കോടതി റിമാൻഡ് ചെയ്തത്.

പ്രതിഭാഗം അഭിഭാഷകൻ അഡ്വ. ജെ എസ് രാജേഷ്ബാബുവിന്റെ വാദം പരിഗണിച്ച് പ്രതിക്ക് ആവശ്യമായ വൈദ്യ പരിശോധന നൽകാൻ കോടതി വടകര സബ്ബ് ജയിൽ സൂപ്രണ്ടിന് നിർദ്ദേശം നൽകി.

കൊലക്ക് ശേഷം പ്രതി സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെട്ട് ഇടതു കൈക്ക് പൊട്ടലുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതിയോട് സംസാരിക്കാൻ പ്രതി ഭാഗം അഭിഭാഷകന് കോടതി അനുമതി നൽകി. കൈക്ക് വേദനയുള്ള കാര്യം പ്രതിയും, അഭിഭാഷകനും കോടതിയെ ധരിപ്പിച്ചതിനെ തുടർന്നാണ് വൈദ്യ പരിശോധന നൽകാൻ ജയിൽ സൂപ്രണ്ടിനോട് ഉത്തരവിട്ടത്.

പ്രതിയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. പ്രതിയെ വിശദമായി ചോദ്യം ചെയ്യാനും, തൊണ്ടി മുതലുകൾ കണ്ടെടുക്കാനും തെളിവെടുപ്പിനുമായാണ് കോടതി അഞ്ചു ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടത്. നാലു ദിവസത്തിനകം തെളിവെടുപ്പ് പൂർത്തിയാക്കി പ്രതിയെ ശനിയാഴ്ച വൈകിട്ട് നാലോടെയാണ് കോടതിയിൽ ഹാജരാക്കിയത്.