ഗതാഗത സൗകര്യമില്ലാതെ വിഷമിച്ചിരുന്ന വരാക്കണ്ടി, ഇല്ലത്ത് കുനി പ്രദേശത്തേക്ക് പുത്തന്‍ റോഡ്; കീഴനമുക്ക്- പാലേരി ക്ഷേത്രം റോഡ് യാത്രക്കായ് തുറന്നു


ആയഞ്ചേരി: ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12 വാര്‍ഡായ കടമേരി വെസ്റ്റിലെ കീഴനമുക്ക് – പാലേരി ക്ഷേത്രം റോഡ് ഉദ്ഘാടനം ചെയ്തു. ഗതാഗത സൗകര്യം തീരെ ഇല്ലാത്ത വരാക്കണ്ടി, ഇല്ലത്ത് കുനി ഭാഗത്തുള്ളവരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപ ചെലവഴിച്ചാണ് കോണ്‍ക്രീറ്റ് റോഡ് ഒരുക്കിയിരിക്കുന്നത്.

റോഡിന്റെ ഉദ്ഘാടനം ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടി.വി കുഞ്ഞിരാമന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. കീഴനമുക്കില്‍ ചേര്‍ന്ന യോഗത്തില്‍ വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കെ മോഹനന്‍ മാസ്റ്റര്‍ അധ്യക്ഷം വഹിച്ചു. വിനീത് ഇ.കെ, സിനു വരാക്കണ്ടി, ശ്രീധരന്‍ വി.കെ, ഹരി കോട്ടൂര്‍, ഗിരീഷ് പി പി, സി.കെ കുഞ്ഞിരാമന്‍, ശ്രീജ വരാക്കണ്ടി എന്നിവര്‍ സംസാരിച്ചു.