തിരുവള്ളൂര്‍ ചാനിയംകടവില്‍ അയല്‍വാസിയുവതിയെയും മക്കളെയും അക്രമിച്ച സംഭവം; കുടുംബത്തിന് സഹായഹസ്തവുമായി സിപിഎം-ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍


തിരുവള്ളൂര്‍: അയല്‍വാസിയുടെ അക്രമണത്തില്‍ പരിക്കേറ്റ ചാനിയംകടവ് പരപ്പള്ളിയിലെ സല്‍മയക്കും കുടുംബത്തിനും സംരക്ഷണം നല്‍കി പ്രദേശത്തെ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. മാര്‍ച്ച് ഒന്നിനായിരുന്നു വഴി തര്‍ക്കവുമായി ബന്ധപ്പെട്ട് അയല്‍വാസി തേവറോട്ട് അബ്ദുറഹിമാന്‍ സല്‍മയുടെ വീട്ടില്‍ കയറി അക്രമണം നടത്തിയത്.

തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ സല്‍മയെ അബ്ദുറഹിമാന്‍ അവിടെ എത്തി ഡോക്ടര്‍ പരിശോധിക്കുന്നതിനിടയിലും മര്‍ദ്ദിച്ചു. തുടര്‍ന്ന് കാലിന് പരിക്കേറ്റ സല്‍മ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു.

ഇതിനിടെ സംഭവമറിഞ്ഞ് നാട്ടിലെത്തിയ ഭര്‍ത്താവ് ബഷീറാണ് തനിക്കും കുടുംബത്തിനും സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരെ സമീപിച്ചത്. തുടര്‍ന്ന് സിപിഐഎം ഏരിയാ സെക്രട്ടറി പി.ടി ഗോപാലന്‍, ഏരിയാ കമ്മിറ്റി അംഗം അഖിലേഷ് എന്നിവരുടെ നേതൃത്വത്തില്‍ വീടും പരിസരവും പൂര്‍ണമായി വൃത്തിയാക്കി വാസയോഗ്യമാക്കി നല്‍കുകയായിരുന്നു.

അബ്ദുറഹിമാന്റെ നിരന്തരമായ അക്രമണത്തില്‍ സല്‍മ പ്രദേശത്തെ മഹല്ല് കമ്മിറ്റിയിലും മറ്റും പരാതി പറഞ്ഞിരുന്നു. എന്നാല്‍ കമ്മിറ്റി അബ്ദുറഹിമാനെതിരെ യാതൊരു നടപടിയും എടുത്തില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

പ്രശ്‌നത്തില്‍ തുടര്‍ന്നും സല്‍മയ്ക്കും കുടുംബത്തിനും സംരക്ഷണം നല്‍കാനാണ് പാര്‍ട്ടിയുടെ തീരുമാനമെന്നും അബ്ദുറഹിമാന്റെ അക്രമണത്തില്‍ വനിതാ കമ്മീഷനില്‍ പരാതി കൊടുക്കുമെന്നും ഏരിയാ കമ്മിറ്റി അംഗം അഖിലേഷ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

സല്‍മയുടെ വീടിന് സമീപത്തെ ഇടവഴിയിലൂടെ വീട്ടിലേക്ക് റോഡ് നിര്‍മ്മിക്കാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച്‌ മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെ വീട്ടിലെത്തിയ അബ്ദുറഹിമാന്‍ വിറക് പുരയ്ക്ക തീയിടുകയും കിണറ്റിലെ വെള്ളം മലിനമാക്കുകയും വീടിന് പുറത്ത് വെച്ചിരുന്നു ഗ്യാസ് കുറ്റികള്‍ കൊണ്ടുപോയെന്നുമാണ് സല്‍മ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്‌. നിലവില്‍ പോലീസ് അറസ്റ്റ് ചെയ്ത അബ്ദുറഹിമാന്‍ റിമാന്റിലാണ്.