തോടന്നൂരില്‍ അധ്യാപകര്‍ അറബിയില്‍ ഏറ്റുമുട്ടും; ജില്ല അറബിക് അധ്യാപക സാഹിത്യ മത്സരം ജനുവരിയില്‍


ആയഞ്ചേരി: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ നടത്തപ്പെടുന്ന ജില്ലാ അറബിക് അധ്യാപക സംഗമവും സാഹിത്യമത്സരങ്ങളും ഈ വർഷം തോടന്നൂർ എം. എൽ. പി. സ്കൂളിൽ വെച്ച് നടക്കും. ജനുവരി 16ന് നടക്കുന്ന സാഹിത്യ മേളയിൽ 17 സബ്ജില്ലകളിൽ നിന്നും 16 ഇനങ്ങളിലായി മത്സരാർത്ഥികൾ പങ്കെടുക്കും. ഉപജില്ലാ മത്സരത്തിൽ വിജയികളായവർക്കാണ് ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ അർഹത ലഭിക്കുന്നത്.

പരിപാടിയുടെ വിജയത്തിന്നായി വിപുലമായ സ്വാഗതസംഘരൂപീകരണയോഗം തോടന്നൂർ എം.എൽ. പി. സ്കൂളിൽ നടന്നു. തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. തോടന്നൂർ എ.ഇ.ഒ. ആനന്ദ് കുമാർ അധ്യക്ഷത വഹിച്ചു.


കോഴിക്കോട് റവന്യൂ ജില്ല അക്കാദമിക് സെക്രട്ടറി ഉമ്മർ ചെറൂപ്പ പരിപാടി വിശദീകരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എഫ്. എം. മുനീർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. അബ്ദുറഹിമാൻ, ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ ടി. കെ. ഹാരിസ്, സ്കൂൾ മാനേജർ കരിമ്പാക്കണ്ടി അബ്ദുറഹിമാൻ ഹാജി, നൗഷാദ് കോപ്പിലാൻ, എച്ച്. എം ഫോറം കൺവീനർ ടി. സുരേഷ് ബാബു, ഫെസ്റ്റിവൽ കമ്മിറ്റി കൺവീനർ ടി. അജിത് കുമാർ, എം. എം. നിസാർ എന്നിവർ സംസാരിച്ചു. കോഴിക്കോട് ഐ.എം.ഇ. ടി. ഫൈസൽ സ്വാഗതവും തോടന്നൂർ അക്കാദമി സെക്രട്ടറി ഒ. പി. ജലീൽ നന്ദിയും പറഞ്ഞു

സ്വാഗതസംഘം ഭാരവാഹികളായി തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സബിത മണക്കുനി (ചെയർമാൻ), ഐ. എം. ഇ. ടി. ഫൈസൽ (ജനറൽ കൺവീനർ), എ.ഇ.ഒ. ആനന്ദ് കുമാർ (ട്രഷറർ) എന്നിവർ അടങ്ങിയ ജനറൽ കമ്മിറ്റിയും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

ഫോട്ടോ: തോടന്നൂരിൽ നടക്കുന്ന ജില്ലാ അറബിക് അധ്യാപക സാഹിത്യ മത്സരത്തിന്റെ സ്വാഗത സംഘ രൂപീകരണയോഗം തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്യുന്നു