ഇന്‍സ്റ്റഗ്രാമിലിടുന്ന ചിത്രങ്ങള്‍ക്കൊപ്പം എന്ത് ക്യാപ്ഷനിടും എന്നോര്‍ത്ത് ഇനി തലപുകക്കേണ്ട; ക്യാപ്ഷന്‍ എഴുത്തില്‍ ഉപഭോക്താക്കളെ സഹായിക്കാന്‍ എ.ഐ സാങ്കേതികവിദ്യയെ കൂട്ടുപിടിക്കാനുള്ള നീക്കവുമായി ഇന്‍സ്റ്റഗ്രാം


എ.ഐയില്‍ പടിപടിയായുള്ള പരീക്ഷണാവതരണങ്ങള്‍ക്കൊരുങ്ങുകയാണ് ഇന്‍സ്റ്റഗ്രാം. യുവതീയുവാക്കള്‍ വളരെയധികം ഉപയോഗിക്കുന്ന സോഷ്യല്‍മീഡിയാ പ്ലാറ്റ്ഫോം ആയതുകൊണ്ട് തന്നെ പുതുതായി എന്തെങ്കിലും സാങ്കേതിക വിദ്യകള്‍ ഇതില്‍ പരീക്ഷിച്ചാല്‍ പിന്നീട് അത് ട്രെന്രിങ്ങ് ആയി മാറുകയാണ് പതിവ്.  ഇന്‍സ്റ്റഗേരാമിന്റെ മാതൃകമ്പനിയായ മെറ്റ മെറ്റ എ.ഐ ലോഞ്ച് ചെയ്തതുമുതലാണ് ഇൻസ്റ്റാഗ്രാം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ ഓരോ പുതിയ പുതിയ ഫീച്ചറുകൾ ആപ്പിൽ പരീക്ഷിക്കാന്‍ തുടങ്ങിയത്. ഏറ്റവുമൊടുവിലായി എഐയുടെ സന്ദേശമെഴുത്ത് ഫീച്ചറിനെ ജനങ്ങളിലേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇന്‍സ്റ്റാഗ്രാം.

ഈ പരീക്ഷണം വിജയം കണ്ടാല്‍  ഇൻസ്റ്റാഗ്രാമില്‍ ഡയറക്ട് മെസേജുകളിലൂടെ അയക്കുന്ന സന്ദേശങ്ങൾ തിരുത്തിയെഴുതാനും പാരാഫ്രേസ് ചെയ്യാനും മെസ്സേജുകളിൽ സ്റ്റൈലിസ്റ്റിക് മാറ്റങ്ങൾ വരുത്താനും എല്ലാം എ.ഐയുടെ സഹായം ഉപയോക്താക്കള്‍ക്ക് ലഭിക്കും. കൂടാതെ നമ്മള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കും നൽകുന്ന കാപ്ഷനുകളും എ.ഐ ഉപയോഗിച്ച് എഴുതാൻ സാധിക്കുമെന്നുള്ള വിവരങ്ങളാണ് ലഭിക്കുന്നത്.

ഇന്‍സ്റ്റാഗ്രാമില്‍ എഐ ഉപയോഗിച്ച് എഴുതുന്ന ഫീച്ചർ വികസിപ്പിക്കുന്ന ജോലികള്‍ അണിയറയില്‍ നടക്കുന്നതായി മൊബൈല്‍ ഡെവലപ്പറായ അലെസാന്ദ്രോ പലൂസി കഴിഞ്ഞ ദിവസം എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നുണ്ട്. അത് സംബന്ധിച്ച സ്‌ക്രീന്‍ഷോട്ടും അദ്ദേഹം പങ്കുവെച്ചിരുന്നു. മറ്റൊരാള്‍ക്ക് മെസേജ് അയക്കാന്‍ ശ്രമിക്കുമ്പോള്‍ ‘റൈറ്റ് വിത്ത് എഐ’ എന്ന ഓപ്ഷന്‍ കൂടി കാണിക്കുന്നത്  സ്‌ക്രീന്‍ ഷോട്ടില്‍ കാണാം.