രഹസ്യാത്മക സ്വഭാവമുള്ള സ്വകാര്യ വിവരങ്ങൾ ഇതിനകത്ത് നൽകിയാൽ പണി കിട്ടും; ഉപയോക്താക്കൾക്ക് താക്കീതുമായി ഗൂഗിൾ


ൻഡ്രോയിഡ് ഐഫോൺ ഉപയോക്താക്കൾക്ക് ഗൂഗിളിൻ്റെ മുന്നറിയിപ്പ്. സുരക്ഷാ കാര്യങ്ങൾ സംബന്ധിച്ചുള്ള താക്കീതാണ് ഗൂഗിൾ നൽകുന്നത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആപ്പിൻ്റെ ഉപയോഗം ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷ ഹനിച്ചേക്കാം എന്ന തരത്തിലുള്ള മുന്നറിയിപ്പാണ് ജെമിനി എന്ന എ ഐ മോഡൽ അവതരിപ്പിച്ചതിന് പിന്നാലെ ഗൂഗിൾ തരുന്നത്. ജെമിനി ആപ്പ് ഉപയോഗിക്കുമ്പോൾ നൽകാൻ പാടില്ലാത്ത സ്വകാര്യ വിവരങ്ങൾ നൽകരുത് എന്നാണ് മുന്നറിയിപ്പ്.

ജെമിനി ആപ്പ് സൂപ്പർ ചാർജ് ചെയ്ത ഗൂഗിൾ അസിസ്റ്റൻ്റിന് സമാനമാണെന്നാണ് അവകാശപ്പെടുന്നത്. നമുക്ക് പങ്കുവെക്കാൻ ആഗ്രഹമില്ലാത്ത വിവരങ്ങളോ രഹസ്യാത്മക സ്വഭാവമുള്ള കാര്യങ്ങളോ ഇതിൽ നൽകിയാൽ പിന്നീട് ഡിലീറ്റ് ചെയ്തിട്ട് പോലും കാര്യമുണ്ടാവില്ല. ഒരേ ഒരു തവണ വിവരം കൈമാറിയാൽ ജെമിനി ആപ്പിലെ ആക്റ്റിവിറ്റി ഡിലീറ്റ് ചെയ്യപ്പെട്ടാലും നിശ്ചിത കാലയളവിലേക്ക് കൈമാറിയ വിവരങ്ങൾ നീക്കം ചെയ്യപ്പെടില്ലെന്നും വിവരങ്ങൾ മൂന്ന് വർഷത്തോളം ഡിലീറ്റ് ചെയ്യപ്പെടാതെ കിടക്കുമെന്നുമാണ് ഗൂഗിൾ നൽകുന്ന മുന്നറിയിപ്പ്. ഉപയോഗിക്കുന്ന ആളുടെ ഗൂഗിൾ അക്കൗണ്ടുമായി ബന്ധിപ്പിക്കാതെ പ്രത്യേകമായാണ് ഇതിൽ നൽകുന്ന ഡാറ്റ സ്റ്റോർ ചെയ്യപ്പെടുന്നത്.

അൾട്രാ, പ്രോ, നാനോ മോഡുകളിൽ ലഭ്യമാക്കുന്ന ജെമിനി എഐ എട്ട് വർഷത്തെ ഗൂഗിളിൻ്റെ എ ഐ പരീക്ഷണങ്ങളുടെ ഫലമാണ്. സാങ്കേതിക മാറ്റങ്ങളെയും മാനവ പുരോഗതിയെയും ത്വരിതപ്പെടുത്താൻ ഇതിനാകുമെന്നാണ് ടെക് ലോകത്തെ വര്‍ത്തമാനം.