‘ഗുരുതരമായി പരിക്കേറ്റെങ്കിലും ഓന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു, മരണം ഏറെ വേദനിപ്പിക്കുന്നത്‌’; ബൈക്കിന് മുകളിൽ മരം വീണ് ചികിത്സിയിലിരിക്കെ മരിച്ച വാണിമേല്‍ സ്വദേശി അസീസിന്റെ മരണത്തിന്റെ വേദനയില്‍ നാട്


നാദാപുരം: ഗുരുതരമായി പരിക്കേറ്റിരുന്നെങ്കിലും തങ്ങളുടെ പ്രിയപ്പെട്ട അസീസ് ഒരിക്കല്‍ക്കൂടി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു വാണിമേല്‍ എന്ന നാട്. എന്നാല്‍ എല്ലാ പ്രതീക്ഷകളും തെറ്റിച്ചുകൊണ്ടായിരുന്നു അസീസിന്റെ മരണവാര്‍ത്ത ഇന്ന് രാവിലെ എത്തിയത്.

ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു വാണിമേല്‍ പാലത്തിന് സമീപത്തെ അരയാല്‍ കടപുഴകി കല്ലാച്ചിയിലെ ടാക്‌സി ഡ്രൈവറായ ചേലമുക്ക് സ്വദേശി ഏക്കോത്ത് അസീസ്, സുഹൃത്ത് പാറോള്ള പറമ്പത്ത് നൗഫല്‍ എന്നിവര്‍ സഞ്ചരിക്കുകയായിരുന്ന ബൈക്കിലേക്ക് വീണത്. നൗഫലായിരുന്നു വാഹനം ഓടിച്ചിരുന്നത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അസീസിനെ ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു അസീസ് ഇന്ന് രാവിലെ വരെ. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകുന്നേരത്തോടെ മൃതദേഹം ബന്ധുകള്‍ക്ക് വിട്ടുകൊടുക്കും. വാണിമേല്‍ പള്ളിയിലായിരിക്കും ഖബറടക്കം.

കുറേ വര്‍ഷം ഗള്‍ഫിലായിരുന്നു അസീസ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയതിന് ശേഷമായിരുന്നു ടാക്‌സി ഡ്രൈവറായി ജോലി ചെയ്ത് തുടങ്ങിയത്. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഒരു നാടിനാകെയും പ്രിയപ്പെട്ടവനായിരുന്ന അസീസ്. ജോലിയുടെ കാര്യത്തിത്തി വളരെ കൃത്യനിഷ്ഠയുള്ള വ്യക്തിയായിരുന്നു. നാട്ടിലെ എല്ലാ കാര്യത്തിലും ഉത്സാഹത്തില്‍ മുന്നില്‍ നിന്നിരുന്ന അസീസിന്റെ മരണം വാണിമേലെന്ന നാടിനെ സംബന്ധിച്ച് തീരാനഷ്ടമാണ്.

ഭാര്യ: റംല. മക്കള്‍: നാജിയ നസ്‌റി, റംസിയ.

മരുമക്കള്‍: ആഷിഖ് നിടിയംപറമ്പത്ത്, ആഷിര്‍ പൈങ്ങൂല്‍.