തിരുവള്ളൂര്‍ വെള്ളറാട്ട് മലയില്‍ തീപിടുത്തം; മൂന്ന് ഏക്കറോളം കത്തി നശിച്ചു


വടകര: തിരുവള്ളൂര്‍, വില്യാപ്പള്ളി, മണിയൂര്‍ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന വെള്ളറാട്ട് മലയിലുണ്ടായ തീപിടുത്തത്തില്‍ മൂന്ന് ഏക്കര്‍ കത്തി നശിച്ചു. വെള്ളിയാഴ്ച പകല്‍ മണിയൂര്‍ പഞ്ചായത്തിനോട് ചേര്‍ന്നുള്ള മലയിലാണ് ആദ്യം തീപിടുത്തമുണ്ടായത്. പിന്നീട് ശനിയാഴ്ചയോടെ തീ വ്യാപിക്കുകയായിരുന്നു.

ഉണങ്ങിയ കരിയിലകളില്‍ നിന്ന് തീ മറ്റ് സ്ഥലങ്ങളിലേക്ക് പടരുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് തീ നിയന്ത്രണ വിധേയമായത്. വിദ്യപ്രകാശ് പബ്ലിക് സ്‌ക്കൂള്‍ സ്ഥിതി ചെയ്യുന്ന മലയുടെ പടിഞ്ഞാറ്, കിഴക്ക്, തെക്ക് ഭാഗങ്ങളിലായിരുന്നു തീപിടുത്തം. മൂന്ന് ഏക്കറിലെ കുറ്റിക്കാടും അക്കേഷ്യമരങ്ങളും മുറിച്ചിട്ട ഉണങ്ങിയ മരത്തടികളും കത്തി നശിച്ചു.

രണ്ട് ദിവസങ്ങളിലായി അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ തീ നിയന്ത്രണവിധേയമാക്കിയത്. വടകരയിലെയും പേരാമ്പ്രയിലെ അഗ്നിരക്ഷാ സേനയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. മലയില്‍ വിദ്യപ്രകാശ് പബ്ലിക് സ്‌ക്കൂള്‍ മാത്രമാണ് സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് വീടുകളും മറ്റുമില്ലാത്തതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. കെ.പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ അഷ്‌റഫ്, കെ.കെ ബിജുള തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.