പണിമുടക്കി ചാറ്റ് ജിപിടി; സോഷ്യൽ മീഡിയയിൽ പരാതി പോസ്റ്റുകളുടെ പ്രവാഹം


പ്പൺ എഐയുടെ ചാറ്റ് ബോട്ട് സംവിധാനമായ ചാറ്റ് ജിപിടി വ്യാഴാഴ്ച പണിമുടക്കി. ആന്‍ഡ്രോയിഡിലും ഡെസ്‌ക്ടോപ്പിലും ചാറ്റ് ജിപിടി പ്രവര്‍ത്തിക്കാത്തതിനെ തുടർന്ന് നിരവധി പേർ വിവിധ സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനെക്കുറിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഡൗണ്‍ ഡിറ്റക്ടറില്‍ 600 ലേറെ പേരാണ് പേര്‍ ചാറ്റ്ജിപിടിയില്‍ പ്രശ്‌നം ഉണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തത്.

എന്നാൽ സെർവർ തകരാറാണെന്നും അൽപ സമയത്തിന് ശേഷം ശ്രമിച്ചു നോക്കൂ എന്നുമാണ് ചാറ്റ് ജിപിടി നിർദേശിച്ചത്.ചാറ്റ് ജിപിടിയുടെ പ്രവർത്തനത്തിൽ പ്രശ്നം വന്നതിനെ തുടർന്ന് പലരുടെയും ചാറ്റ് ഹിസ്റ്ററിയും നഷ്ടമായിട്ടുണ്ട്. എന്നാല്‍ കമ്പനി ചാറ്റ്‌ബോട്ടിന്റെ പ്രവര്‍ത്തനം തകരാറിലാവാനുള്ള യഥാര്‍ത്ഥ കാരണം ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ബുധനാഴ്ച ചാറ്റ് ജിപിടിയുടെ ജിപിടി സ്റ്റോര്‍ അവതരിപ്പിച്ചപ്പോഴുണ്ടായ ആൾ തിരക്കാണ് ജിപിടിയുടെ പ്രവർത്തനം തടസപ്പെടാൻ കാരണമെന്ന ഊഹങ്ങൾ നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷവും ഇത്തരത്തിൽ ചാറ്റ് ജിപിടിയുടെ പ്രവര്‍ത്തനത്തിൽ തകരാറ് വന്നിരുന്നു.

ജിപിടി പ്ലസ് ഉപഭോക്താക്കള്‍ക്ക് ജിപിടി-4 ല്‍ നിര്‍മിച്ച കസ്റ്റം ജിപിടികള്‍ പബ്ലിഷ് ചെയ്യാനുള്ള പ്ലാറ്റ്‌ഫോമാണ് ജി പിടി സ്റ്റോർ. ഡെവലപ്പര്‍മാര്‍ക്ക് അവരുടെ കസ്റ്റം ജിപിടികള്‍ മൊണറ്റൈസ് ചെയ്യാനും സ്റ്റോർ സഹായകമാണ്.