ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കാണം- ഋഷി രാജ് സിംഗ്; നാദാപുരം ഫെസ്റ്റിന്റെ ഭാഗമായി ലഹരി വിരുദ്ധ സംഗമം ഒരുക്കി


നാദാപുരം: ലഹരിക്കതിരായ പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍ പാഠ്യ പദ്ധതിയുടെ ഭാഗമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മുന്‍ ഡി.ജി.പി ഋഷി രാജ് സിംഗ്. ലഹരി വസ്തുക്കള്‍ എന്താണെന്നോ അതിന്റെ വിപണനം എന്താണെന്നോ തിരിച്ചറിയാത്ത വിദ്യാര്‍ത്ഥികളെ അടക്കം മാഫിയ സംഘം അവരുടെ വലയിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നാദാപുരം ഫെസ്റ്റിന്റെ ഭാഗമായി നടന്ന ലഹരി വിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലഹരി ഉപയോഗം തടയാനുള്ള നിയമവും നയവും രൂപീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കഴിയും. എന്നാല്‍ ജനങ്ങളെ അണിനിരത്തി പ്രതിരോധം തീര്‍ക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാത്രമേ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ സ്ഥിരം സമിതി ചെയര്‍മാന്‍ സി.കെ നാസര്‍ അധ്യക്ഷത വഹിച്ചു. വടകര എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സി.കെ ജയപ്രസാദിന്റെ നേതൃത്വത്തില്‍ ലഹരിപ്പാട്ട് പരിപാടിയും ഇതിന്റെ ഭാഗമായി നടന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി, മുഹമ്മദ് ബംഗ്ലത്ത്, വി.പി കുഞ്ഞികൃഷ്ണന്‍, കെ.എം രഘുനാഥ്, അഖില മര്യാട്ട്, കരിമ്പില്‍ ദിവാകരന്‍, എം.സി സുബൈര്‍, കെ.പി കുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.