രോഗിയായ ഭര്‍ത്താവിനൊപ്പം രജനിക്ക് അടച്ചുറപ്പുള്ള വീട്ടിലേക്ക് മാറാം: സഹപാഠിക്കൊരു കൂടൊരുക്കാന്‍ കൈക്കോര്‍ത്ത് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ


അഴിയൂര്‍: സഹപാഠിക്കൊരു കൂടൊരുക്കാം പദ്ധതിയിലൂടെ നീണ്ട കാലത്തെ സ്വപ്‌നം നേടുന്നതിന്റെ സന്തോഷത്തിലാണ് അഴിയൂര്‍ സ്വദേശി രജനി. തന്റെ കൂടെ 1995-96 കാലഘട്ടത്തില്‍ അഴിയൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പഠിച്ച ചങ്ങാതിമാരുടെ കൂട്ടായ്മയിലൂടെയാണ് രജനിയുടെ സ്വപ്‌നം നിറവേറുന്നത്.

സഹപാഠികളുടെ വാട്‌സാപ്പ് കൂട്ടായ്മയായ പുസ്തക താളിലെ സൗഹൃദക്കൂട്ടങ്ങള്‍ സ്വരൂപിച്ച പണം കൊണ്ടാണ് രജനിയുടെ വീടിന്റെ പണി നടക്കുന്നത്. വന്യജീവികളുടെ ഭയത്താല്‍ വനമേഖലയില്‍ ഷീറ്റ് കൊണ്ട് മറച്ച കൊച്ചു കുടിലിലാണ് രജനിയും മാനസിക വൈകല്യമുള്ള ഭര്‍ത്താവും ഏഴ് വയസ്സുള്ള മകളും പ്രായമായ അമ്മയും കഴിയുന്നത്.

പേരാമ്പ്രക്കടുത്ത് ചക്കിട്ടപ്പാറ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ മൂന്നേ കാല്‍ സെന്റ് സ്ഥലം വാങ്ങിയാണ് വീട് നിര്‍മ്മിക്കുന്നത്. വീട്‌നിര്‍മ്മാണത്തിന് സുമനസ്സുകളുടെ സഹായവും സഹകരണവും പ്രതീക്ഷിച്ച് വീടിന്റെ കുറ്റിയടിക്കല്‍ നടന്നു. ചടങ്ങില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയിലെ അംഗങ്ങളായ മുബാസ് കല്ലേരി, ബിജുഷ് മാനഞ്ചാല്‍, ഷിബു സി പി,  സലീഷ് കെ പി, ശ്രീജിത്ത് കെ പി, സുരേഷ് ഒതയോത്ത്, ശംസുദ്ധീന്‍ പള്ളിയത്ത് എന്നിവര്‍ പങ്കെടുത്തു.