വടകരയിലെ കുടുംബ കോടതിക്ക് മൂന്നു നിലകളില്‍ ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടമുയരും; 8.2 കോടി രൂപയുടെ ഭരണാനുമതിയായി


വടകര: വടകര കുടുംബ കോടതിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ ഭരണാനുമതി ലഭിച്ചു. 8.2 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചതെന്ന് കെ.കെ.രമ എം.എല്‍.എ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. നിലവില്‍ കോടതിയുടെ മുന്നില്‍ പാര്‍ക്കിങ്ങിനായി ഉപയോഗിക്കുന്ന സ്ഥലത്താണ് കുടുംബ കോടതിക്ക് കെട്ടിടമൊരുങ്ങുന്നത്.

2009 ലാണ് വടകരയില്‍ കുടുംബ കോടതി സ്ഥാപിച്ചത്. സാമ്പത്തിക ബാധ്യത കാരണം അന്ന് ബാര്‍ അസോസിയേഷന്‍ ഹാളും ലൈബ്രറി ഹാളും കുടുംബ കോടതിക്കായി വിട്ടുകൊടുക്കുകയായിരുന്നു. പ്രവര്‍ത്തനം ആരംഭിച്ച് 12 വര്‍ഷം കഴിഞ്ഞിട്ടും കക്ഷികളെയും അഭിഭാഷകരെയും ഉള്‍ക്കൊള്ളാന്‍ കഴിയാതെ ശ്വാസം മുട്ടുകയാണ് വടകര കുടുംബ കോടതി.

പുതിയ കെട്ടിടം നിര്‍മ്മിക്കാനായി 2018 ല്‍ 2.58 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. എന്നാല്‍ നിര്‍മാണത്തിനു മുന്നോടിയായുള്ള പരിശോധനയില്‍ മണ്ണിന് ഉറപ്പില്ല എന്ന് കണ്ടെത്തുകയും. പൈലിംഗ് നടത്തി പില്ലര്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തികൂടി ഉള്‍പ്പെടുത്തിക്കൊണ്ട് എസ്റ്റിമേറ്റ് റിവൈസ് ചെയ്യുകയുമായിരുന്നു. ഇതു പ്രകാരം പദ്ധതിയുടെ തുക 8.52 കോടിയായി ഉയരുകയും ഇത് ഭരണാനുമതിക്കായി സമര്‍പ്പിക്കുകയുമായിരുന്നു.

വടകര കുടുംബ കോടതിക്കായി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന് മൂന്ന് നിലകളാണ് ഉണ്ടാവുക. പാര്‍ക്കിങ് ഉള്‍പ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും കെട്ടിടത്തില്‍ ഉണ്ടാവും.

കെ.കെ.രമ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്:

പ്രിയരേ,
വടകരയിലെ കുടുംബ കോടതി കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനായി 8.2 കോടിരൂപയുടെ ഭരണാനുമതി ലഭിച്ച വിവരം സന്തോഷത്തോടെ പങ്കുവെക്കുന്നു. കോടതിയുടെ മുന്നില്‍ ഇപ്പോള്‍ പാര്‍ക്കിങ്ങിനായി ഉപയോഗിക്കുന്ന സ്ഥലത്ത് പുതിയ കുടുംബകോടതി കെട്ടിടമെന്ന കാലങ്ങളായുള്ള ആവശ്യം യാഥാര്‍ഥ്യമാവാന്‍ പോവുകയാണ്.

2009 ല്‍ വടകര ആസ്ഥാനമായി കുടുംബ കോടതി സ്ഥാപിതമായപ്പോള്‍ സര്‍ക്കാരിനുണ്ടാകുന്ന സാമ്പത്തിക ബാദ്ധ്യത കണക്കിലെടുത്താണ് അന്നത്തെ ബാര്‍ അസോസിയേഷന്‍ ഹാളും, ലൈബ്രറി ഹാളും കുടുംബകോടതിക്കായി വിട്ടുകൊടുത്തത്. 12 വര്‍ഷമായിട്ടും ഇപ്പോഴും അഭിഭാഷകരെയും കക്ഷികളെയും ഒരുമിച്ച് ഉള്‍ക്കൊള്ളാന്‍ കഴിയാതെ നമ്മുടെ കോടതി അന്തരീക്ഷം സമാനമായി തുടരുകയാണ്.

പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി 2018ല്‍ 2.58 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. എന്നാല്‍ നിര്‍മാണത്തിനു മുന്നോടിയായുള്ള പരിശോധനയില്‍ മണ്ണിന് ഉറപ്പില്ല എന്ന് കണ്ടെത്തുകയും. പൈലിംഗ് നടത്തി പില്ലര്‍ സ്ഥാപിക്കുന്ന പ്രവൃത്തികൂടി ഉള്‍പ്പെടുത്തിക്കൊണ്ട് എസ്റ്റിമേറ്റ് റിവൈസ് ചെയ്യുകയുമായിരുന്നു. ഇതു പ്രകാരം പദ്ധതിയുടെ തുക 8.52 കോടിയായി ഉയരുകയും ഇത് ഭരണാനുമതിക്കായി സമര്‍പ്പിക്കുകയുമായിരുന്നു.

എം.എല്‍.എ ആയി ചുമതലയേറ്റ ആദ്യ നാളുകളില്‍ തന്നെ വകുപ്പ് മേധാവിയായ അഡിഷണല്‍ ചീഫ് സെക്രട്ടറിയെ നേരില്‍ കാണുകയും ഇതിന്റെ ഫയല്‍ നീക്കം വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി. 60% കേന്ദ്ര ഫണ്ട് ഉള്‍പ്പെട്ട പദ്ധതിയായതിനാല്‍ ഫയല്‍ ഫിനാന്‍സിലേക്കും തുടര്‍ന്ന് പ്ലാനിങ് ബോര്‍ഡിലേക്കും പോകേണ്ട ആവശ്യമുണ്ടായിരുന്നു. അതിനാല്‍ ഈ തുകയ്ക്ക് ഭരണാനുമതി ലഭിക്കുന്നതിനായി ധനകാര്യ വകുപ്പ് മന്ത്രി.ശ്രീ.കെ.എന്‍.ബാലഗോപാലിനെകണ്ട് കത്ത് നല്‍കുകയും തുടര്‍ന്ന് നടന്ന ജില്ലാ വികസനസമിതി യോഗങ്ങളില്‍ തുടര്‍ച്ചയായി ഈ കാര്യം ഉന്നയിക്കുകയും ചെയ്തു. ഒടുവില്‍ ഈ വര്‍ഷത്തെ ബജറ്റ് നിര്‍ദേശങ്ങളില്‍ വടകര മണ്ഡലത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായി ഈ പ്രപ്പോസല്‍ വെക്കുകയുണ്ടായി. ബജറ്റില്‍ ടോക്കണ്‍ തുക അനുവദിച്ച സര്‍ക്കാര്‍, ഇപ്പോള്‍ ഈ പദ്ധതിക്ക് 8.2 കോടി രൂപയുടെ ഭരണാനുമതിയും നല്‍കിയിരിക്കുകയാണ്.

ഇത് നമുക്കേവര്‍ക്കും ഏറെ സന്തോഷിക്കാവുന്ന നിമിഷമാണ്.

കഴിഞ്ഞ പത്തുവര്‍ഷങ്ങളായി വടകര കോടതിയിലെ അഭിഭാഷകരും, ബാര്‍ അസോസിയേഷനും നടത്തിവരുന്ന നിരന്തര ഇടപെടലുകള്‍ എടുത്തു പറയേണ്ടതാണ്. അതിന്റെ കൂടി ഫലമാണ് ഇപ്പോള്‍ നാം കൈവരിച്ച ഈ നേട്ടം.

കെ.കെ.രമ