അവശ്യ വസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കാനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (06/04/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

ഗസ്റ്റ് അധ്യാപക നിയമനം

കോഴിക്കോട് സർക്കാർ, എൻജിനീയറിങ് കോളജിൽ അപ്ലൈഡ് സയൻസ് പഠന വിഭാഗത്തിൽ സാമ്പത്തിക ശാസ്ത്രം, ഇംഗ്ലീഷ് വിഷയങ്ങൾക്ക് 2021-22 അധ്യയന വർഷത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അതിഥി അധ്യാപക നിയമനത്തിനുള്ള അഭിമുഖം ഏപ്രിൽ എട്ട് (സാമ്പത്തിക ശാസ്ത്രം), 12 (ഇംഗ്ലീഷ്) തീയതികളിൽ രാവിലെ 10 മണിക്ക് നടത്തുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വിവരങ്ങൾക്ക് http://geckkd.ac.in സന്ദശിക്കുക.

ഗതാഗത നിരോധനം

പുല്ലുവായ് – തൊട്ടിൽപ്പാലം റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിക്കുവേണ്ടി കൈവേലി മുളളമ്പത്ത് ഭാഗത്തേക്കുളള വാഹന ഗതാഗതം പൂർണമായി നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോർഡ് പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റ്, കോഴിക്കോട്/വയനാട് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കൈവേലി മുളളമ്പത്ത് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പളളിയറ ജങ്ഷനിൽനിന്നും കോറോത്തെ പീടിക വഴി തിനൂർ ഭാഗത്തേക്ക് തിരിഞ്ഞു പോകണം.

ലേലം

പൊതുമരാമത്ത് വകുപ്പിന് കീഴിലെ പൊറ്റമ്മൽ – പാലാഴി – പുത്തൂർമഠം റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി മുറിച്ച് മാറ്റേണ്ട 14 മരങ്ങൾ ഏപ്രിൽ 19 രാവിലെ 11 മണിക്ക് പാലാഴി അങ്ങാടി പളളിക്ക് സമീപം ലേലം ചെയ്യും. വിവരങ്ങൾക്ക് ഫോൺ: 04952724727, ഇ-മെയിൽ: [email protected]

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴിൽ കാസറഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ പ്രവർത്തിക്കുന്ന ഐ.ടി.ഐകളിൽ നിശ്ചിത സമയത്തേക്ക് എംപ്ലോയബിലിറ്റി സ്‌കിൽസ് വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ ആവശ്യമുണ്ട്. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ഏപ്രിൽ 11 രാവിലെ 10 മണിക്ക് എലത്തൂർ ഗവ. ഐ.ടി.ഐയിൽ നടത്തുന്ന ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകാം. ഫോൺ: 0495-2461898. മാർച്ച് 23 ന് നടന്ന ഇന്റർവ്യൂവിൽ പങ്കെടുത്തവർ വീണ്ടും പങ്കെടുക്കേണ്ടതില്ല.

താത്പര്യപത്രം ക്ഷണിച്ചു

സംസ്ഥാന സർക്കാരിനു കീഴിലുള്ള കേരഫെഡിൽ വിവിധ പ്രവൃത്തികൾ ചെയ്യുന്നതിനായി സർക്കാർ ഏജൻസികളെ പ്രൊജക്ട് മാനേജ്മെന്റ് കൺസൾട്ടന്റാവാൻ താത്പര്യപത്രം ക്ഷണിച്ചു. കരുനാഗപ്പള്ളിയിലെ കേരഫെഡ് ഓയിൽ കോംപ്ലക്സിലേക്കുള്ള റോഡ് നവീകരണം, ജലവിതരണ സംവിധാനം നവീകരിക്കൽ, കേടായ ബോയിലർ ചിമ്നി മാറ്റൽ, കൊപ്ര ഡ്രയർ റിപ്പയർ ചെയ്യുക, പുതിയവ സ്ഥാപിക്കുക എന്നീ പ്രവൃത്തികളാണ് പൂർത്തിയാക്കാനുള്ളത്. താത്പര്യമുള്ള ഏജൻസികൾക്ക് ഏപ്രിൽ 28 രാവിലെ 11നകം അപേക്ഷിക്കാം. ഇ-മെയിൽ: [email protected], ഫോൺ: 0471 2321046, 2326736

സ്‌കിൽ ഡവലപ്‌മെന്റ് സെന്ററിൽ പ്രവേശനം

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്‌കിൽ ഡവലപ്‌മെന്റ് സെന്ററിൽ ടൈലറിങ്ങ്, ഗ്രാഫിക് ഡിസൈനിങ്ങ്, വീട്ടുപകരണ റിപ്പയറിങ്ങ് എന്നീ ഹ്രസ്വകാല പരിശീലനങ്ങളിൽ അഡ്മിഷൻ ആരംഭിച്ചു. കോഴ്സ് കാലാവധി ഒന്നര മാസം. താത്പര്യമുള്ളവർക്ക് സിവിൽസ്റ്റേഷന് എതിർവശത്തുള്ള സ്‌കിൽ ഡവലപ്‌മെന്റ് സെന്ററിൽ നേരിട്ട് ഹാജരായി പ്രവേശനം നേടാം. ഫോൺ: 0495 2370026, 8891370026

ടെൻഡർ ക്ഷണിച്ചു

കോഴിക്കോട് ബീച്ചിലെ ഫ്‌ളോട്ടിങ് ബ്രിഡ്ജിനും കോഴിക്കോട്/ ബേപ്പൂർ ബീച്ചിലെ പാരാമോട്ടർ പ്രവർത്തനത്തിനും മത്സരാധിഷ്ഠിത സ്ഥാപനങ്ങളിൽ നിന്ന് ടെൻഡറുകൾ ക്ഷണിച്ചു. ഡി.ടി.പി.സി.യുടെ വെബ്സൈറ്റായ www.dtpckozhikode.com / www.keralatourism.gov ൽനിന്ന് ടെൻഡർ രേഖകൾ ഡൗൺലോഡ് ചെയ്യാം. അവസാന തീയതി ഏപ്രിൽ 21 ഉച്ചക്ക് ഒരു മണിവരെ. ഫോൺ : 0495-2720012.

ക്വട്ടേഷൻ ക്ഷണിച്ചു

2021 – 22 സാമ്പത്തിക വർഷത്തെ ഡിടിപിസി കോഴിക്കോടിന്റെ വരവ് ചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്ത് സാക്ഷ്യപ്പെടുത്തുന്നതിനും ഡിടിപിസിയുടെ അസറ്റ് രജിസ്റ്റർ തയ്യാറാക്കി നൽകുന്നതിനും ചാർട്ടേഡ് അക്കൗണ്ടന്റ്മാരിൽനിന്നും ഏജൻസികളിൽനിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഏപ്രിൽ എട്ട് വരെ കോഴിക്കോട് മാനാഞ്ചിറ ഡി.ടി.പി.സി ഓഫീസിൽ സ്വീകരിക്കും. . ഫോൺ: 0495 -2720012

മന്ത്രിസഭാ വാർഷികം: ഒരുക്കങ്ങൾ വിലയിരുത്താൻ യോഗം ചേർന്നു

സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിൽ നടക്കുന്ന പ്രദർശന വിപണന മേളയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ കലക്ടറേറ്റിൽ യോഗം ചേർന്നു. ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കിഫ്ബി, ഐ.ഐ.ഐ.സി എന്നിവിടങ്ങളിലെ വിദഗ്‌ധർ സ്റ്റാളുകളുടെ മാർഗരേഖ അവതരിപ്പിച്ചു. വിവിധ വകുപ്പുകളിൽ നിന്നുള്ള അഭിപ്രായങ്ങൾ സ്വീകരിച്ച് മാർഗരേഖയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ കലക്ടർ നിർദേശിച്ചു.

ഏപ്രിൽ 19 മുതൽ 26 വരെയാണ് ജില്ലയിലെ ആഘോഷ പരിപാടികൾ. മേളയിൽ എന്റെ കേരളം, കേരളത്തെ അറിയാം തുടങ്ങിയ തീം പവിലിയനുകൾ, വിപുലമായ ഫുഡ് കോർട്ട്, സാംസ്‌കാരിക പരിപാടികൾ, സെമിനാറുകൾ, നൂതന സാങ്കേതിക വിദ്യകളുടെ അവതരണം, അഗ്രികൾച്ചറൽ ഔട്ട്‌ഡോർ ഡിസ്‌പ്ലേ തുടങ്ങിയവയുണ്ടാകും. ടൂറിസം വകുപ്പ്, കൃഷി വകുപ്പ്, കുടുംബശ്രീ പി.ആർ.ഡി, വ്യവസായ വകുപ്പ് തുടങ്ങിയവയുടെ സ്റ്റാളുകൾ ഉണ്ടായിരിക്കും. വിവിധ വകുപ്പുകളുടെ ഒരു വർഷത്തെ വികസന നേട്ടങ്ങൾ പ്രദർശിപ്പിക്കും.

ജില്ലാ കലക്ടർ ചെയർമാനും ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ വൈസ് ചെയർമാനുമാണ്. ജില്ലാ ഇൻഫർമേഷൻ ഓഫീസർ കൺവീനറായി പ്രവർത്തിക്കും. ജില്ലയിലെ മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, കോർപറേഷൻ മേയർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ ഉൾപ്പെടുന്ന സംഘാടക സമിതി പരിപാടികൾക്ക് നേതൃത്വം നൽകും. വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും വിവിധ കമ്മറ്റികളുടെ അധ്യക്ഷരാകും.

യോഗത്തിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ‌ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്, ഡി.ഡി.സി അനുപം മിശ്ര, ഡി.സി.പി. അമോസ് മാമൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. ദീപ, സംഘാടക സമിതി കൺവീനർമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

കായണ്ണയിൽ രണ്ടാമത്തെ ജനകീയ ഹോട്ടൽ പ്രവർത്തനമാരംഭിച്ചു

കായണ്ണ ഗ്രാമപഞ്ചായത്തിലെ രണ്ടാമത്തെ ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി കെ ശശി നിർവഹിച്ചു. കായണ്ണ ഹയർ സെക്കൻഡറി സ്‌കൂളിന് സമീപമാണ് പുതിയ ഹോട്ടൽ പ്രവർത്തനമാരംഭിച്ചത്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കുടുംബശ്രീ സംരംഭക ഗ്രൂപ്പുകളാണ് ലോക്ക്ഡൗൺ കാലത്ത് ജനകീയ ഹോട്ടലുകൾക്ക് തുടക്കമിട്ടത്. കുറഞ്ഞ വിലയ്ക്ക് ഊണ് ലഭ്യമാക്കുന്ന ജനകീയ ഹോട്ടലിൽ മീൻകറി ഉൾപ്പെടുന്ന സമൃദ്ധമായ ഊണിന് ഉപഭോക്താവ് 20 രൂപ നൽകിയാൽ മതി.

വൈസ് പ്രസിഡന്റ് പി.ടി ഷീബ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്‌സൺ കെ.വി.ബിനിഷ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്‌സൺ പി.കെ.രജിത, പഞ്ചായത്തംഗങ്ങളായ പി.കെ.ഷിജു, കെ സി ഗാന, ആസൂത്രണ സമിതി ഉപാധ്യക്ഷ എ.സി.സതി, ടി.സി ജീപിൻ, പഞ്ചായത്ത് സെക്രട്ടറി മനോജ് കുമാർ, എഡിഎംസി അഞ്ചു, ബ്ലോക്ക് കോ-ഓഡിനേറ്റർ അശ്വന്ത് എന്നിവർ സംസാരിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൺ പ്രജിനി കാക്കിരാന്തി സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി സായ് പ്രകാശ് നന്ദിയും പറഞ്ഞു.

ലാപ്ടോപ്പുകൾ വിതരണം ചെയ്തു

ചോറോട് ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിദ്യാർഥികൾക്കും മത്സ്യത്തൊഴിലാളികളുടെ മക്കൾക്കും ലാപ്ടോപ്പുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയിൽ അധ്യക്ഷയായി. 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 26 ലാപ്ടോപ്പുകളാണ് വിതരണം ചെയ്തത്.

പഞ്ചായത്ത് സെക്രട്ടറി പി. സുധീർ, പഞ്ചായത്ത് അംഗങ്ങളായ കെ. മധുസൂദനൻ, സി. നാരായണൻ, ശ്യാമള പൂവ്വേരി, പുഷ്പ മഠത്തിൽ, വി.പി. അബൂബക്കർ, പ്രിയങ്ക, ഐ.സി.ഡി.എസ് സൂപ്പർവൈസർ സീന എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ബേപ്പൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് മൂന്നു കോടി രൂപയുടെ ഭരണാനുമതി

ബേപ്പൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് പുതിയ കെട്ടിടം നിർമിക്കുന്നതിന് മൂന്നുകോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് പുതിയ കെട്ടിടം നിർമിക്കുക.

നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി നിർമാണ പ്രവൃത്തി ആരംഭിക്കുവാൻ നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു. നേരത്തെ കിഫ്ബി മുഖേന മൂന്നു കോടിയും എം.എൽ.എ ആസ്തിവികസനഫണ്ടിൽ നിന്ന് 50 ലക്ഷവും സ്കൂൾ കെട്ടിടത്തിനായി അനുവദിച്ചിരുന്നു. ഈ കെട്ടിടങ്ങളുടെ പ്രവൃത്തി പൂർത്തിയായി.

അങ്കണവാടികൾക്ക് വാട്ടർ പ്യൂരിഫെയർ നൽകി

ചോറോട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി മുഖേന അങ്കണവാടികൾക്ക് വാട്ടർ പ്യൂരിഫെയർ നൽകി.വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയിൽ അധ്യക്ഷയായി.

പഞ്ചായത്തിലെ 21 അങ്കണവാടികൾക്കാണ് വാട്ടർ പ്യൂരിഫെയർ വിതരണം ചെയ്തത്. ബഡ്സ് സ്കൂളിനും വാട്ടർ പ്യൂരിഫെയർ ലഭ്യമാക്കി. പഞ്ചായത്ത് സെക്രട്ടറി പി സുധീർ, പഞ്ചായത്ത് അംഗങ്ങളായ കെ. മധുസൂദനൻ, സി. നാരായണൻ, ശ്യാമള പൂവേരി, പുഷ്പ മഠത്തിൽ, വി.പി അബൂബക്കർ, പ്രിയങ്ക, ഐസിഡിഎസ് സൂപ്പർവൈസർ സീന തുടങ്ങിയവർ പങ്കെടുത്തു.

കുടുംബശ്രീക്ക് ചെക്ക് കൈമാറി

കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് സി.ഡി.എസിന് പിന്നാക്ക വികസന കോർപറേഷൻ മുഖേന അനുവദിച്ച 2.87 കോടിരൂപയുടെ ചെക്ക് കുടുംബശ്രീക്ക് കൈമാറി. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.കെ റീത്ത നിർവഹിച്ചു.

ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ റീന സുരേഷ് അധ്യക്ഷയായി.അസിസ്റ്റന്റ് സെക്രട്ടറി വി.പി രാജീവൻ പദ്ധതി വിശദീകരിച്ചു. കേരള ചിക്കൻ ഔട്ട്‌ലെറ്റിനുള്ള വായ്പയും, മൺപാത്ര നിർമാണ യൂണിറ്റ്, ടൈലറിങ് യൂണിറ്റ്, മുട്ടക്കോഴി വളർത്തൽ യൂണിറ്റ് എന്നിവക്കുള്ള റിവോൾവിങ് ഫണ്ടും ചടങ്ങിൽ വിതരണം ചെയ്തു.

വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്‌സൺ സി.പി സജിത, പഞ്ചായത്ത് അംഗങ്ങളായ ഷിബിൻ, നവ്യ ,നസീറ, രതീഷ്, സി.ഡി.എസ് ചെയർപേഴ്‌സൺ കെ. മിനി, വൈസ് ചെയർപേഴ്‌സൺ കെ. സവിത തുടങ്ങിയവർ പങ്കെടുത്തു.

അവശ്യ വസ്തുക്കളുടെ വിലക്കയറ്റം: ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

അവശ്യ വസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ജില്ലയിലെ വ്യാപാര പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ചേർന്നു. വിലവർധന തടയുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് യോഗം വിളിച്ചത്.

വിഷു- റംസാൻ ഉത്സവ കാലമാണിതെന്നും അന്യായമായി വില വർധിപ്പിക്കാതിരിക്കാൻ വ്യാപാരി സമൂഹം സഹകരിക്കണമെന്നും കലക്ടർ പറഞ്ഞു. ഭക്ഷ്യവസ്തുക്കൾ പൂഴ്ത്തിവെച്ച് കൃത്രിമ വിലക്കയറ്റമുണ്ടാക്കരുതെന്നും എല്ലാ വ്യാപാര സ്ഥാപനങ്ങളിലും നിർബന്ധമായും വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്നും കലക്ടർ നിർദേശിച്ചു. കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നവർക്കേതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.

കലക്ടറേറ്റിൽ നടന്ന യോഗത്തിൽ ജില്ലാ സപ്ലൈ ഓഫീസർ കെ. രാജീവ്, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ സുധീർ രാജ്, വ്യാപാരി പ്രതിനിധികളായ വി.പി. മുസ്തഫ, കെ.വി. റഷീദ്, ഫിറോസ്, കെ. സുബ്രഹ്മണ്യൻ, പി.ടി. ഷുക്കൂർ, സിൽഹാദ്, എൻ. സുഗുണൻ, ഹിമാൻഷു, ബാബു കൊണ്ടോട്ടി, വി.എസ്. സന്തോഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.

ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വിതരണം ചെയ്തു

എലത്തൂർ നിയോജക മണ്ഡലത്തിലെ കുരുവട്ടൂർ, ചേളന്നൂർ, കാക്കൂർ, നന്മണ്ട ആശുപത്രികളിലേക്കുള്ള ഓക്സിജൻ കോൺസെൻട്രേറ്ററുകളുടെ വിതരണോദ്ഘാടനം വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു. സാമൂഹ്യ പ്രതിബദ്ധത പുലർത്തുന്ന സന്നദ്ധ സംഘടനകളുടെ പ്രവർത്തനം ആരോഗ്യരംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാൻ സഹായിക്കുന്നുണ്ടെന്നും ഇത് അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യരംഗത്ത് അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരുടെ സംഘടനയായ ഡോക്ടേഴ്‌സ് ഫോർ യു ആണ് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സംഭാവന ചെയ്തത്.

കുരുവട്ടൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സരിത അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചേയർപേഴ്സൺ സിന്ധു പ്രദോഷ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സോമനാഥൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചേയർപേഴ്സൺ എം.കെ. ലിനി, വാർഡ് അംഗം എം.പി. ഷിനു, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിത്ത്, മെഡിക്കൽ ഓഫീസർ ഡോ. ഉഷാ ദേവി, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

കാക്കൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം. ഷാജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ. നിഷ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. ഷൈലേഷ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അബ്ദുൽ സി.പി. ഗഫൂർ, സെക്രട്ടറി കെ. മനോജ്, മെഡിക്കൽ ഓഫീസർ ഡോ. ശ്രീദേവി തുടങ്ങിയവർ പങ്കെടുത്തു.

നന്മണ്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി.കെ. രാജൻ മാസ്റ്റർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കുണ്ടൂർ ബിജു, പഞ്ചായത്ത് അംഗം നിത്യകല, ഡോ. ജഹാന തുടങ്ങിയവർ പങ്കെടുത്തു.

ചേളന്നൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. നൗഷീർ അധ്യക്ഷത വഹിച്ചു.