മത്സ്യത്തൊഴിലാളികള്‍ക്ക് അപകട ഇന്‍ഷുറന്‍സ് പദ്ധതി, മാര്‍ച്ച് 30നകം അപേക്ഷിക്കാം; വിശദ വിവരങ്ങള്‍ അറിയാം


വടകര: മത്സ്യഫെഡ് നടപ്പാക്കുന്ന മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാവാന്‍ ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പദ്ധതിയില്‍ അംഗമാവുന്നവര്‍ക്ക് 10 ലക്ഷം രൂപയുടെ വരെ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. അപേക്ഷിക്കാനുള്ള അവസാന തിയ്യതി മാര്‍ച്ച് 30 വരെയാണ്.

പദ്ധതി പ്രകാരം അപകടം മൂലം മരണമടയുന്നവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷവും, അപകടത്തില്‍ പൂര്‍ണ അംഗവൈകല്യം സംഭവിച്ചാല്‍ 10 ലക്ഷവും, ഭാഗികമായ സ്ഥിരമായ അംഗവൈകല്യത്തിന് മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ പ്രകാരം പരമാവധി 10 ലക്ഷവും, മരണത്തിലേക്കോ സ്ഥിരമായ അംഗവൈകല്യത്തിലേക്ക് നയിച്ചില്ലെങ്കില്‍ കൂടി അപകട മെഡിക്കല്‍ റീ ഇമ്പേഴ്സ്മെന്റ് ആയി ഒരു ലക്ഷവും കോമറ്റോസ് ആനുകൂല്യമായി ഒരു ലക്ഷം രൂപയും അപകടം സംഭവിച്ച് ഏഴ് ദിവസത്തില്‍ കൂടുതല്‍ അഡ്മിറ്റ് ആക്കുന്നതിനുളള അനുകൂല്യമായി 10000 രൂപയുമാണ് ലഭിക്കുക.

അപകട മരണം ആണെങ്കില്‍ മൃതദേഹം ആശുപത്രിയില്‍ നിന്ന് വീട്ടില്‍ കൊണ്ടു പോകുന്നതിന് ആംബുലന്‍സ് ചാര്‍ജായി 5000 രൂപ, അന്ത്യകര്‍മ്മങ്ങള്‍ക്കുളള ചെലവായി 5000 രൂപ വരെ ലഭിക്കും. മരിച്ച മത്സ്യത്തൊഴിലാളിയുടെ 25 വയസ്സില്‍ താഴെ പ്രായമുളള മക്കളുടെ പഠനാവശ്യത്തിന് പരമാവധി 100000 രൂപയും കുടുംബത്തിന് ഒറ്റത്തവണത്തേയ്ക്ക് ധനസഹായമായി നല്‍കും.

18 നും 70 നും ഇടയില്‍ പ്രായമുളളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം. 2024 മാര്‍ച്ച് 30 നകം അപേക്ഷിച്ച് പ്രീമിയം തുകയായ 509 രൂപ അടുത്തുളള മത്സ്യത്തൊഴിലാളി സഹകരണ സംഘത്തില്‍ അടയ്ക്കണം. പോളിസിയുടെ കാലാവധി 2024 ഏപ്രില്‍ ഒന്നു മുതല്‍ 2025 മാര്‍ച്ച് 31 വരെയാണ്.

മൂഴുവന്‍ മത്സ്യത്തൊഴിലാളി ഗ്രൂപ്പുകളും അവരുടെ വളളത്തിലെ/ബോട്ടിലെ എല്ലാ തൊഴിലാളികളെയും എസ്.എച്ച്.ജി ഗ്രൂപ്പുകള്‍ എല്ലാ അംഗങ്ങളെയും (വനിതകളുള്‍പ്പെടെ) മുഴുവന്‍ അനുബന്ധ തൊഴിലാളികളേയും ഇന്‍ഷൂര്‍ ചെയ്യണമെന്ന് ജില്ലാ മാനേജര്‍ അറിയിച്ചു. ജില്ലാ ഓഫീസ് – 0495 2380344, 9446300813, ക്ലസ്റ്റര്‍ ഓഫീസുകള്‍ – 9961132780, 9074106734, 7561027919, 9562992323.