പെരിയാറില്‍ ഒഴുക്കില്‍പ്പെട്ട് കണ്ണൂര്‍ സ്വദേശിയായ യുവാവ് മരിച്ചു


കോതമംഗലം: പെരിയാറില്‍ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു. വേട്ടാംപാറ ഭാഗത്ത്‌ കുളിക്കാനിറങ്ങിയ കണ്ണൂര്‍ ഏഴിമല കരിമ്പാനില്‍ ജോണിന്റെ മകന്‍ ടോണി ജോണാണ് മരിച്ചത്. മുപ്പത്തിയേഴ് വയസായിരുന്നു.

കൊച്ചി മെട്രോ ഓപ്പറേഷന്‍ വിഭാഗത്തിലെ ജീവനക്കാരനായിരുന്നു. ഇന്ന് വൈകിട്ട് 3.15ഓടെയായിരുന്നു അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ടോണി. ഇതിനിടെ ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴ്ന്നു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ടോണി ആഴമുള്ള ഭാഗത്തേക്ക് മുങ്ങിപ്പോവുകയായിരുന്നു.

തുടര്‍ന്ന് അഗ്നിരക്ഷാ സേന സ്‌കൂബ ടീം രണ്ട് മണിക്കൂറോളം തിരച്ചില്‍ നടത്തി. മുങ്ങിത്താഴ്ന്ന് പോയ ഭാഗത്ത് നിന്നും അരകിലോമീറ്റര്‍ മാറി പുഴയിലെ പൊട്ടവഞ്ചി ഭാഗത്ത് നിന്നും 5.45ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.