കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ട്രെയിനില്‍ ഓടിക്കയറുന്നതിനിടെ അപകടത്തില്‍പ്പെട്ട് യുവതി, അതിസാഹസികമായി ട്രെയിനിനൊപ്പം കുതിച്ച് യുവതിയെ രക്ഷിച്ച് പേരാമ്പ്ര കടിയങ്ങാട് സ്വദേശിയായ പൊലീസുകാരന്‍


പേരാമ്പ്ര: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഓടിക്കയറുന്നതിനിടയില്‍ ട്രെയിനിനുള്ളില്‍ വീഴാന്‍ പോയ യുവതിയെ അതിസാഹസികമായി രക്ഷപ്പെടുത്തി പേരാമ്പ്ര കടിയങ്ങാട് സ്വദേശിയായ പൊലീസുകാരന്‍. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പൊലീസ് ജീവനക്കാരനായ ഷംസീറിന്റെ അവസരോചിതമായ ഇടപെടലാണ് യുവതിയ്ക്ക് രക്ഷയായത്.

ഹിസാറില്‍ നിന്നും കോയമ്പത്തൂരിലേക്ക് പോകുന്ന 22475 നമ്പര്‍ ട്രെയിന്‍ ഇന്നലെ രാവിലെ കോഴിക്കോട് സ്‌റ്റേഷനിലെത്തിയപ്പോഴാണ് സംഭവം. ട്രെയിനില്‍ യാത്ര ചെയ്യുന്ന തമിഴ്‌നാട് സ്വദേശി വെള്ളം വാങ്ങാനോ മറ്റോ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയതായിരുന്നു. തിരിച്ചു ട്രെയിനില്‍ കയറുന്നതിനിടെ വണ്ടി നീങ്ങിയതോടെ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.

ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ഷംസീര്‍ അതി സാഹസികമായി യുവതിയെ തൂക്കി എടുത്ത് ട്രെയിനിന് ഒപ്പം ഓടി. ട്രെയിനില്‍ ഉണ്ടായിരുന്ന സ്ത്രീയുടെ മകന്‍ ബഹളം കേട്ട് ചങ്ങല വലിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയതിനാല്‍ യുവതിയുടെ ജീവന്‍ രക്ഷിക്കാനായി.

റയില്‍വേ അധികൃതരും സഹപ്രവര്‍ത്തകരും അവിടെയുള്ള തൊഴിലാളികളും യാത്രക്കാരും സംഭവ സ്ഥലത്തു വെച്ചു ഷംസീറിനെ അഭിനന്ദിച്ചു. കടിയങ്ങാട് ചാലുപറമ്പില്‍ കുഞ്ഞമ്മദ്-ഫാത്തിമ ദമ്പതികളുടെ മകന്‍ ആണ് ഷംസീര്‍. ഭാര്യ ആദില. മക്കള്‍: മുഹമ്മദ് അയാന്‍, ആയിഷ.