ബേപ്പൂരിന് മീതെ വട്ടമിട്ട് പറന്ന് പാരാമോട്ടോര്‍ ഗ്ലൈഡര്‍, കൂടുതല്‍ സാഹസികതയൊരുക്കി കാത്തിരിക്കുന്ന കടല്‍ താഴെ; ബേപ്പൂര്‍ വാട്ടര്‍ഫെസ്റ്റിന് തുടക്കമായി


ബേപ്പൂര്‍: ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് ആസ്വദിക്കാനെത്തിയവരെ ആവേശത്തിലാഴ്ത്തി പാരാമോട്ടോറിംഗ് പ്രകടനം. പാരാച്യൂട്ടിനോട് സാമ്യം തോന്നുന്ന വിധത്തിലുള്ള പാരാമോട്ടോറില്‍ സഞ്ചരിക്കുന്ന പൈലറ്റ് കാണികളില്‍ ആവേശമായി.

ബേപ്പൂര്‍ മറീന ബീച്ചില്‍ ജലോത്സവം വീക്ഷിക്കാനെത്തിയവര്‍ക്കാണ് പാരാമോട്ടോറിംഗ് കൗതുകക്കാഴ്ചയായത്. കോഴിക്കോട്ടുകാര്‍ക്ക് അത്ര പരിചയമില്ലാത്ത സാഹസിക പ്രകടനം ആളുകള്‍ വിസ്മയത്തോടെ നോക്കി നിന്നു. കടലിനു മീതെ കൂടെയുള്ള ആകാശയാത്ര കുട്ടികള്‍ക്കും കൗതുകക്കാഴ്ച്ചയായി. നാലു പാരാമോട്ടോര്‍ ഗ്ളൈഡറുകളാണ് ആകാശത്ത് പ്രകടനം നടത്തിയത്.

ഗോതീശ്വരം ബീച്ചില്‍ നിന്നും പറന്നുയര്‍ന്ന ഗ്ളൈഡറുകള്‍ ബേപ്പൂര്‍ ബീച്ചിലൂടെ ആകാശത്ത് അദ്ഭുതക്കാഴ്ച്ചയൊരുക്കി. കോഴിക്കോട്ടുകാരനായ സലീം ഹസ്സനും സംഘവും ചേര്‍ന്നാണ് പാരാമോട്ടോര്‍ ഗ്ലൈഡിങ്ഒരുക്കുന്നത്. ഫെസ്റ്റിനെത്തുന്നവര്‍ക്ക് ഉത്സവപ്രതീതി സമ്മാനിക്കുന്ന ആകാശക്കാഴ്ച്ചകള്‍ വരും ദിവസങ്ങളിലും അരങ്ങേറും.

അതേസമയം, സാഹസിക ജല കായിക മത്സരങ്ങളുടെ ഭൂപടത്തില്‍ ഇടം നേടിയ ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് രണ്ടാം സീസണ്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ ഭാവിയായി വിനോദ സഞ്ചാര മേഖല മാറുമെന്നും ബേപ്പൂര്‍ വാട്ടര്‍ഫെസ്റ്റ് എല്ലാ വര്‍ഷവും നടത്തുമെന്നും മന്ത്രി പറഞ്ഞു.

ഡിസംബര്‍ 28 വരെ നീണ്ടു നില്‍ക്കുന്ന ബേപ്പൂര്‍ വാട്ടര്‍ഫെസ്റ്റ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സാഹസിക ജല കായിക മത്സരങ്ങളുടെ വേദിയാണ്.

മുത്തുക്കുടകളും ബലൂണുകളും, ചെണ്ടയും ബാന്‍ഡുമേളവും; വാട്ടര്‍ഫെസ്റ്റിനെ നാടറിയിച്ച് ഘോഷയാത്ര

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് സീസണ്‍ 2 ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചഘോഷയാത്ര ബേപ്പൂരിന് നിറച്ചാര്‍ത്തായി. ഫിഷിംഗ് ഹാര്‍ബര്‍ പരിസരത്ത് നിന്നും ആരംഭിച്ച ഘോഷയാത്രയില്‍ വര്‍ണ്ണാഭമായ മുത്തുക്കുടകളും ബലൂണുകളുമായി സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നൂറുക്കണക്കിന് ആളുകള്‍ അണിനിരന്നു.

ഘോഷയാത്രക്ക് പൊലിമയേകാന്‍ ആവേശം നിറച്ച ചെണ്ടമേള, ബാന്റ് വാദ്യം, കോല്‍ക്കളി തുടങ്ങിയ വാദ്യ- കലാരൂപങ്ങളുമുണ്ടായിരുന്നു. ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി, ജനപ്രതിനിധികള്‍, ബേപ്പൂര്‍ ഫെസ്സ് സംഘാടകര്‍ തുടങ്ങി നിരവധിപേര്‍ ഘോഷയാത്രയുടെ മുന്‍നിരയില്‍ അണിനിരന്നു. ഘോഷയാത്ര വീക്ഷിക്കുവാനായി റോഡിന്റെ ഇരുവശവും നിരവധി പേരാണ് തടിച്ചുക്കൂടിയത്.

അറേബ്യന്‍ വേണോ, ചൈനീസ് വേണോ; ഭക്ഷ്യവൈവിധ്യങ്ങളുമായി ഫുഡ് ആന്‍ഡ് ഫ്‌ളീ മാര്‍ക്കറ്റ്

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് രണ്ടാം സീസണിനോട് അനുബന്ധിച്ച് പാരിസണ്‍സ് ഗ്രൗണ്ടില്‍ ആരംഭിച്ച ഫുഡ് ആന്‍ഡ് ഫ്‌ളീ മാര്‍ക്കറ്റ് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. മലബാറിന്റെ തനത് രുചികളും കോഴിക്കോടന്‍ തനത് വിഭവങ്ങളും നാടന്‍, അറേബ്യന്‍, ചൈനീസ് വിഭവങ്ങളുള്‍പ്പടെ ഫുഡ് ആന്‍ ഫ്‌ളീ മാര്‍ക്കറ്റില്‍ ലഭ്യമാണ്. വിവിധ തരം ബിരിയാണി സ്റ്റാളുകള്‍,മത്സ്യ-മാംസ വില്‍പ്പന സ്റ്റാളുകള്‍, എണ്ണക്കടികളുടെ സ്റ്റാളുകള്‍, കുടുംബശ്രീ സ്റ്റാളുകള്‍, നാടന്‍ തട്ടുകടകള്‍, വിവിധ തരം ജ്യുസുകള്‍,ഐസ്‌ക്രീമുകള്‍, തുടങ്ങി രുചിയേറും വിഭവങ്ങളാണ് ഫുഡ് ആന്റ് ഫ്‌ളീ മാര്‍ക്കറ്റിലുള്ളത്.