ലേബല്‍വിവരങ്ങള്‍ ഇല്ലാതെ സിന്തറ്റിക് വിനാഗിരി ഉത്പാദിപ്പിച്ച് വില്‍പ്പന നടത്തി; സ്ഥാപനങ്ങള്‍ക്കുമേല്‍ 37,500 രൂപ പിഴചുമത്തി വടകര ആര്‍.ഡി.ഒ.കോടതി


വടകര: ലേബല്‍വിവരങ്ങള്‍ ഇല്ലാതെ സിന്തറ്റിക് വിനാഗിരി ഉത്പാദിപ്പിച്ച് വില്‍പ്പന നടത്തിയ സ്ഥാപനങ്ങള്‍ക്കു പിഴ ചുമത്തി. ഭക്ഷ്യസുരക്ഷാ ഗുണനിലവാരനിയമപ്രകാരം ആവശ്യമായ ലേബല്‍വിവരങ്ങള്‍ ഇല്ലാതെ സിന്തറ്റിക് വിനാഗിരി ഉത്പാദിപ്പിച്ച് വില്‍പ്പന നടത്തിയതിനാണ് സ്ഥാപനങ്ങള്‍ക്കു മേല്‍ വടകര ആര്‍.ഡി.ഒ. കോടതി 37,500 രൂപ പിഴചുമത്തിയത്.

ഉത്പാദകരായ തിരൂരങ്ങാടി ബി. സ്റ്റോണ്‍ പ്രൊഡക്റ്റ്സിന് 20,000 രൂപയും വിതരണംചെയ്ത നടുവണ്ണൂര്‍ കാവില്‍ സി.പി.ഫുഡ് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് 15,000 രൂപയും വില്‍പ്പന നടത്തിയ വടകര ചന്തപ്പറമ്പിലെ സ്ഥാപനത്തിന് 2500 രൂപയുമാണ് ആര്‍.ഡി.ഒ. സി ബിജു പിഴചുമത്തിയത്.

വടകര ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഫെബിന മുഹമ്മദ് അഷ്റഫ് 2022 ജൂലായ് 14ന് പഴയ സ്റ്റാന്‍ഡ് പരിസരത്തെ ന്യൂ എഫ്.എം. ട്രേഡേഴ്സ് സ്ഥാപനത്തില്‍ നടത്തിയ പരിശോധനയിലാണ് വിനാഗിരിയില്‍ ലേബല്‍വിവരങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ആര്‍.ഡി.ഒ. കോടതിയില്‍ കേസ് ഫയല്‍ചെയ്യുകയായിരുന്നു.